ജയലളിതയുടെ തെരഞ്ഞെടുപ്പ് റാലികൾ മരണക്കെണികളാകുന്നു

സേലം: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ സേലത്ത് ബുധനാഴ്ച രണ്ട് പേർ കുഴഞ്ഞുവീണ് മരിച്ചു. പച്ചൈയണ്ണൻ(55), പെരിയസ്വാമി(62) എന്നിവരാണ് റാലിക്കിടെ സൂര്യാഘാതമേറ്റ് മരിച്ചത്. ചെന്നൈയിൽ നിന്ന് 250 കിലോമീറ്റർ അകലെ വിരുദാചലത്ത് കഴിഞ്ഞയാഴ്ച സംഘടിപ്പിച്ച റാലിയിൽ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേർ മരിച്ചിരുന്നു. എന്തായാലും ഇത്തരം റാലികളും മരണങ്ങളും വിരൽ ചൂണ്ടുന്നത് ജയലളിതയുടെ അശാസ്ത്രീയമായ തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്കാണ്.

40 ഡിഗ്രി ചൂടിലും ഉച്ചതിരിഞ്ഞ സമയമാണ് പ്രചരണ റാലികൾ നടത്തുന്നതിനായി ജയലളിത തെരഞ്ഞെടുത്തിരിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിൽ നടക്കുന്ന ഓരോ റാലികളിലും ചുരുങ്ങിയത് 16 സ്ഥാനാർഥികൾ പങ്കെടുക്കുകയും ഇവരോരുത്തരും 20,000 അണികളെയെങ്കിലും കൊണ്ടുവരണമെന്നുമാണ് നിബന്ധന. ഈ കണക്കുപ്രകാരം ഓരോ റാലിയിലും മൂന്ന് ലക്ഷം പേരെങ്കിലും പങ്കെടുക്കാറുണ്ട്.

സേലത്ത് നടന്ന റാലിയിൽ ഒറ്റയടിക്ക് 51 സ്ഥാനാർഥികളെയാണ് ഉൾപ്പെടുത്തിയത്. അതോടെ അണികളുടെ എണ്ണവും വർധിച്ചു. നിശ്ചയിച്ച സമ്മേളന സ്ഥലത്തിന്‍റെ 10 കിലോമീറ്റർ ചുറ്റളവിൽ നഗരം ഗതാഗതക്കുരുക്കിലായി. റാലിക്കായി ട്രക്കിലും മറ്റ് വാഹനങ്ങളിലും എത്തിയ പ്രവർത്തകർ കൊടുംചൂടിൽ റോഡിൽതന്നെ കഴിയാൻ നിർബന്ധിതരായി.

സ്റ്റേജിൽ എ.ഐ.ഡി.എം.കെ. നേതാക്കൾ പോർട്ടബ്ൾ എയർകണ്ടീഷണറിൽ കുളിരു കൊള്ളുമ്പോൾ എരിപൊരി വെയിലത്ത് അമ്മയേയും കാത്ത് പതിനായിരങ്ങൾ പൊരിവെയിലത്തിരുന്നു. ചെറിയ പ്ളാസ്റ്റിക് പൊതികളിൽ കൊടുത്ത കുടിവെള്ളം ഇവരുടെ കടുത്ത ദാഹമകറ്റാൻ മതിയാകുമായിരുന്നില്ല. മൂന്ന് മണിക്ക് നടത്താൻ നിശ്ചയിച്ച സമ്മേളന പന്തലിലേക്ക് നാല് മണിയോടെയായിരിക്കും അമ്മ എത്തിച്ചേരുക. ഉച്ചമുതൽ മൂന്നും നാലും മണിക്കൂർ കാത്തുനിന്ന ജനക്കൂട്ടം ഇതിനകം തന്നെ അവശരായിരിക്കും.

സൂര്യനസ്തമിച്ചതിന് ശേഷം ജയലളിതയുടെ ഹെലികോപ്റ്റർ പ്രവർത്തിക്കുകയില്ല എന്നാണ് ഡി.എം.കെ. നേതാവ് സ്റ്റാലിൻ ഇതേക്കുറിച്ച് പരിഹസിച്ചത്. ജയലളിതയുടെ അനാരോഗ്യമാണ് ഇത്തരത്തിലുള്ള പ്രചരണത്തിന് ഇവരെ പ്രേരിപ്പിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. എല്ലായിടത്തും സ്റ്റേജിൽ ഇരുന്നുകൊണ്ടാണ് ജയലളിത ജനങ്ങളെ അഭിസംബോധന ചെയ്യുന്നതും.  എന്നാൽ ഇക്കാരണങ്ങളൊന്നും 40 ഡിഗ്രി ചൂടിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനുള്ള ന്യായീകരണമാകുന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.