പാനമ പേപ്പർ: ബച്ചനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

ന്യൂഡല്‍ഹി: നടൻ അമിതാഭ് ബച്ചന് പാനമയിൽ കള്ളപ്പണ നിക്ഷേപമുള്ളതിന്‍റെ കൂടുതൽ തെളിവുകൾ പുറത്ത്.  1994 ഡിസംബർ 12ന് പാനമയിലെ കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടർ യോഗത്തിൽ ടെലികോൺഫറൻസ് വഴി ബച്ചൻ പങ്കെടുത്തതിന്‍റെ രേഖകള്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ടു.

ബഹാമസിലെ ട്രാമ്പ് ഷിപ്പിങ് ലിമിറ്റഡ്, വിര്‍ജിന്‍ ദ്വീപിലെ സീ ബള്‍ക്ക് ഷിപ്പിങ് കമ്പനി ലിമിറ്റഡ് എന്നിവയുടെ യോഗങ്ങളിൽ പങ്കെടുത്ത രേഖകളാണ് പുറത്ത് വന്നത്. ബ്രിട്ടനിലെ ചാനല്‍ ദ്വീപിലാണ് യോഗം നടന്നത്. ഇരുകമ്പനികളുടെയും ഡയറക്ടര്‍ പട്ടികയിലും ബച്ചന്‍റെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ താന്‍ ഡയറക്ടറാണെന്ന് 'പാനമ പേപ്പറുക'ളില്‍ പറയുന്ന വിദേശകമ്പനികളുമായി ബന്ധമില്ലെന്നാണ് ബച്ചന്‍ പ്രതികരിച്ചിരുന്നത്. താന്‍ ഈ കമ്പനികളില്‍ ഏതിന്‍റെയെങ്കിലും ഡയറക്ടറായിരുന്നിട്ടില്ല. തന്‍റെ പേര് ദുരുപയോഗിച്ചതായിരിക്കാനാണ് സാധ്യത. വിദേശത്ത് ചെലവാക്കിയതടക്കമുള്ള പണമടക്കം എല്ലാ നികുതിയും നല്‍കിയിട്ടുള്ളയാളാണ് താനെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

അമിതാഭ് ബച്ചനും മരുമകള്‍ ഐശ്വര്യ റായിയുമടക്കം അഞ്ഞൂറ് ഇന്ത്യക്കാര്‍ക്ക് വിദേശത്ത് വെളിപ്പെടുത്താത്ത നിക്ഷേപമുണ്ടെന്ന രേഖകളാണ് ഇന്ത്യന്‍ എക്സ്പ്രസ് ഉള്‍പ്പെടുന്ന ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ് (ഐ.സി.ഐ.ജെ.) പുറത്തുവിട്ടത്. പാരിസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിയമസ്ഥാപനമായ മൊസാക് ഫോണ്‍സെകയുടെ ചോര്‍ത്തിക്കിട്ടിയ രേഖകളാണ് ഇവര്‍ പുറത്തുവിട്ടത്.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.