പട്യാല ഹൗസ് കോടതി ആക്രമണം: എസ്.ഐ.ടി ആവശ്യം ന്യായം –സുപ്രീംകോടതി

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനെ ഹാജരാക്കിയ വേളയില്‍ പട്യാല ഹൗസ് കോടതിയില്‍ ബി.ജെ.പി-ആര്‍.എസ്.എ്സ് നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം  (എസ്.ഐ.ടി) അന്വേഷിക്കണമെന്ന ആവശ്യം ന്യായമാണെന്ന് സുപ്രീംകോടതി.
കനയ്യ കുമാറിനെ ആരും ആക്രമിച്ചിട്ടില്ളെന്ന ഡല്‍ഹി പൊലീസിന്‍െറ വാദം തള്ളിയ ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, എ.എം. സപ്ര എന്നിവരടങ്ങുന്ന ബെഞ്ച്, ആക്രമണത്തെ ന്യായീകരിക്കുകയും മര്‍ദകരെ ഭയക്കുകയുമാണ് പൊലീസ് ചെയ്യുന്നതെന്ന് കുറ്റപ്പെടുത്തി.
അഭിഭാഷകരും വക്കീല്‍ ഗൗണിട്ട ഗുണ്ടകളും ആക്രമണം നടത്തുമ്പോള്‍ പൊലീസ് കാഴ്ചക്കാരായി നോക്കിനിന്നുവെന്ന് ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ബോധിപ്പിച്ചു. ഡല്‍ഹി പൊലീസ് നിഷ്ക്രിയമാണെന്ന് സുപ്രീംകോടതി നിയമിച്ച ആറംഗ അഭിഭാഷക കമീഷന്‍ പറയുന്നുണ്ട്.
ചില അഭിഭാഷകര്‍ നടത്തിയ നിയമലംഘനവും അവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോടതിമുറിക്കുള്ളിലും കനയ്യ ആക്രമിക്കപ്പെട്ടു. ഇക്കാര്യം ഹൈകോടതി രജിസ്ട്രാറും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആക്രമണത്തിന് നേതൃത്വം നല്‍കിയത് വിക്രംസിങ് ചൗഹാന്‍, യശ്പാല്‍ സിങ്, ഒ.പി. ശര്‍മ എന്നീ അഭിഭാഷകരാണ്. ഇവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണം. സ്വതന്ത്രമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഏല്‍പിക്കണമെന്നും പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു.
ഈ ആവശ്യം ന്യായമാണെന്നായിരുന്നു സുപ്രീംകോടതിയുടെ പ്രതികരണം.
അതേസമയം, പട്യാല ഹൗസ് ആക്രമണത്തില്‍ കൈകഴുകി ഡല്‍ഹി പൊലീസ് ദേശീയ മനുഷ്യാവകാശ കമീഷന് (എന്‍.എച്ച്.ആര്‍.സി) റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കനയ്യ കുമാറിനെ ഹാജരാക്കുമ്പോള്‍ പട്യാല ഹൗസ് കോടതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ ജോലി ഭംഗിയായി നിര്‍വഹിച്ചുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഡല്‍ഹി പൊലീസിന്‍െറ കെടുകാര്യസ്ഥതയെ വിമര്‍ശിച്ച സുപ്രീംകോടതി, മര്‍ദകരെ ഭയന്ന് ആക്രമണത്തെ ന്യായീകരിക്കുകയാണ് ചെയ്യുന്നതെന്ന് വിമര്‍ശിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.