അസമില്‍ പൊലീസ് വെടിവെപ്പില്‍ വൈദ്യുതിലൈന്‍ പൊട്ടി 11 മരണം

തിന്‍സൂകിയ (അസം): പൊലീസ് സ്റ്റേഷന്‍ വളഞ്ഞ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ആകാശത്തേക്ക് നടത്തിയ വെടിവെപ്പില്‍ വൈദ്യുതിലൈന്‍ പൊട്ടിവീണ് ഷോക്കേറ്റ് 11 പേര്‍ ദാരുണമായി മരിച്ചു. 20 പേര്‍ക്ക് ഗുരുതര പരിക്കേറ്റു.  തിന്‍സൂകിയ ജില്ലയിലെ പാന്‍ഗിരി സ്റ്റേഷനിലാണ് ദുരന്തം.
ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് ജനക്കൂട്ടം പൊലീസ് സ്റ്റേഷന്‍ വളഞ്ഞത്. വടികളും കല്ലുകളുമായി എത്തിയവര്‍ സ്റ്റേഷന്‍ ഉപരോധിക്കുകയും കല്ളെറിഞ്ഞ് ജനല്‍ചില്ല് തകര്‍ക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഇതേതുടര്‍ന്നാണ് ആകാശത്തേക്ക് വെടിവെച്ചത്. പക്ഷേ, വെടിയുണ്ടകള്‍ സമീപത്തെ ഉയര്‍ന്ന വോള്‍ട്ടേജുള്ള വൈദ്യുതിലൈനില്‍ പതിക്കുകയും ലൈന്‍ പ്രതിഷേധക്കാരുടെ മേല്‍ പൊട്ടിവീഴുകയുമായിരുന്നു. ഒമ്പതുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലും മറ്റൊരാള്‍ ആശുപത്രിയിലേക്കുള്ള വഴിയിലുമാണ് മരിച്ചത്.
മുതിര്‍ന്ന പൊലീസ് ഓഫിസര്‍മാരും അര്‍ധസൈനികരും സംഭവസ്ഥലത്തേക്ക് കുതിച്ചിട്ടുണ്ട്. പ്രതിഷേധക്കാരുമായി  ഇവര്‍ സംസാരിക്കും.
നാലുദിവസം മുമ്പാണ് നാട്ടുകാരനായ ഒരാളെയും ഇയാളുടെ മകനെയും മരുമകനെയും അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. മകന്‍ രക്ഷപ്പെട്ടെങ്കിലും മറ്റു രണ്ടുപേരെയും കൊല്ലപ്പെട്ടനിലയില്‍ കണ്ടത്തെുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കുള്ള ശിക്ഷ തങ്ങള്‍ കൊടുക്കാം എന്നുപറഞ്ഞാണ് ജനക്കൂട്ടം പൊലീസ് സ്റ്റേഷന്‍ വളഞ്ഞത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.