എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിൽ ഇന്നും വിജയ് മല്യ ഹാജരാകില്ല

ന്യൂഡല്‍ഹി: മദ്യവ്യവസായി വിജയ് മല്യ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഇന്നും ഹാജരാകില്ല. നേരിട്ട് ഹാജരാകാൻ കഴിയില്ലെന്നും മെയ് വരെ സമയം വേണമെന്നും അറിയിച്ച് മല്യ ഡയറക്ടറേറ്റിന് കത്ത് നൽകിയിട്ടുണ്ട്. ബാങ്കുകളുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ച നടക്കുന്നതിനാല്‍ ഇപ്പോള്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് മല്യ അറിയിച്ചിരിക്കുന്നത്.

ഇത് മൂന്നാം തവണയാണ് മല്യ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാകുന്നത്. കഴിഞ്ഞ രണ്ടു തവണയും ഹാജരാകാതിരുന്ന മല്യക്ക് നൽകുന്ന അവസാന അവസരമായിരിക്കും ഇതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തേ അറിയിച്ചിരുന്നു. കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്‍റെ ഇടപാടുകളിലും വിമാനക്കമ്പനിക്കായി വാങ്ങിയ ബാങ്ക് വായ്പകളിലും തിരിമറി നടത്തി സ്വന്തം അക്കൗണ്ടിലേക്ക് തുക മാറ്റിയിട്ടുണ്ടോ എന്നാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കുന്നത്. വിജയ് മല്യ ലോകത്തെ വിവിധഭാഗങ്ങളില്‍ സമ്പാദിച്ച ആഡംബരവസതികളും മറ്റു സ്വത്തുക്കളും വാങ്ങാന്‍ ഇത്തരം വായ്പകള്‍ ഉപയോഗിച്ചിരുന്നുവോ എന്നും എന്‍ഫോഴ്സ്മെന്‍റ് അന്വേഷിക്കുന്നുണ്ട്.

വിവിധ ബാങ്കുകളിൽ നിന്നെടുത്ത 9000 കോടി രൂപ വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന നിയമനടപടി നേരിടുന്ന മല്യയോട് തന്‍റെയും കുടുംബാംഗങ്ങളുടെയും സ്വത്തുവകകളുടെ മുഴുവൻ വിവരങ്ങളും ഹാജരാക്കാൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.