പനാമ കള്ളപ്പണ രേഖകൾ ചോർന്നു; അമിതാഭും ഐശ്വര്യയും ഉൾപ്പടെ പ്രമുഖർ ലിസ്റ്റിൽ

പാനമ സിറ്റി: പ്രശസ്തരായ ലോകനേതാക്കളുടെയും ചലച്ചിത്രതാരങ്ങളുടെയും വ്യവസായികളുടെയും ശതകോടികളുടെ കള്ളപ്പണ നിക്ഷേപം പുറത്ത്. നികുതിയില്ലാത്ത 35 ചെറു ദ്വീപ്രാഷ്ട്രങ്ങളിലെ കള്ളപ്പണനിക്ഷേപത്തിന് സഹായമേകുന്ന മൊസക് ഫൊന്‍സേക എന്ന നിയമസഹായ സ്ഥാപനത്തിന്‍െറ 1.15 കോടി രേഖകളാണ് ‘പാനമ പേപ്പേഴ്സ്’ എന്ന പേരില്‍ പുറത്തായത്.

ഇന്ത്യയില്‍നിന്ന് നടന്‍ അമിതാഭ് ബച്ചന്‍, ബച്ചന്‍െറ മരുമകളും നടിയുമായ ഐശ്വര്യ റായ്, ഡി.എല്‍.എഫ് കമ്പനി ഉടമ കെ.പി. സിങ്, ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, അപ്പോളോ ടയേഴ്സ് പ്രമോട്ടര്‍ സമീര്‍ ഗെഹ്ലോട്ട് എന്നിവരടക്കം 500  പേരുകള്‍ പുറത്തായ രേഖയിലുണ്ട്. ബംഗാളിലെ മുന്‍ സി.പി.എം അംഗവും ഇപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകനുമായ ശിശിര്‍ ബജോരിയ, ഡല്‍ഹിയിലെ ലോക്സത്തപാര്‍ട്ടിയുടെ തലവനായിരുന്ന അനുരാഗ് കെജ്രിവാള്‍ എന്നിവരുടെയും പേര് പട്ടികയിലുണ്ട്. ജര്‍മന്‍ മാധ്യമസ്ഥാപനമായ സ്യൂഡെഷെ സിതുങ്ങും അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ ലോകകൂട്ടായ്മയും ചേര്‍ന്ന് ചോര്‍ത്തിയ രേഖകള്‍ ‘ഇന്ത്യന്‍ എക്സ്പ്രസ്’ പത്രമാണ് ഇന്ത്യയില്‍ പുറത്തുവിട്ടത്.

വാര്‍ത്ത പുറത്തുവന്നയുടന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായി ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. സമഗ്രമായ അന്വേഷണം നടത്തുമെന്ന് കള്ളപ്പണ നിക്ഷേപം അന്വേഷിക്കുന്ന പ്രത്യേക സംഘത്തലവന്‍ റിട്ട. ജസ്റ്റിസ് എം.ബി. ഷാ അറിയിച്ചു. ഇപ്പോഴാണ് സംഘത്തിന് ഇവരുടെ പേരുകള്‍ കിട്ടിയതെന്ന് അദ്ദേഹം പറഞ്ഞു.  ഒരു പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കാന്‍ ആവശ്യപ്പെട്ടതായി  പ്രത്യേക അന്വേഷണ സംഘം വൈസ് ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് അരിജിത് പസായത്ത് അറിയിച്ചു. ഇപ്പോഴത്തെയും മുമ്പുള്ളതുമായ 12 രാഷ്ട്രത്തലവന്മാരുടെ പേരുകളും വിക്കിലീക്സിനെ വെല്ലുന്ന രഹസ്യംചോര്‍ത്തലില്‍ പുറത്തുവന്നു.

അര്‍ജന്‍റീനയിലെ പ്രസിഡന്‍റ് മൗറിഷ്യോ മക്രി, ഐസ്ലന്‍ഡ് പ്രധാനമന്ത്രി സിഗ്മന്‍ഡര്‍ ഗണ്‍ലോക്സണ്‍, പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്‍െറ പിതാവ്, റഷ്യന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിന്‍െറ ഉറ്റ സുഹൃത്തുക്കള്‍, നടന്‍ ജാക്കിചാന്‍ എന്നിവരടക്കമുള്ളവരുടെ പേരുകളും ‘പനാമ പേപ്പേഴ്സി’ലുണ്ട്. പാനമയിലെ ഒരു കമ്പനിയുടെ പേരില്‍ സൂപ്പര്‍ ഫുട്ബാള്‍ താരം ലയണല്‍ മെസ്സിക്കും അനധികൃത നിക്ഷേപമുണ്ട്. ലോക  ഫുട്ബാള്‍ സംഘടനയായ ഫിഫയുമായി ബന്ധപ്പെട്ട അഴിമതിപ്പണം മുഴുവന്‍ നിക്ഷേപിച്ചതും അനധികൃതമാണെന്ന് തെളിഞ്ഞു. സൗദി അറേബ്യയിലെ സല്‍മാന്‍ രാജാവിന്‍െറയും ഖത്തര്‍ മുന്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ത്താനിയുടെയും പേരുണ്ട്. ബാക്കി പേരുകള്‍ ഇന്നു മുതല്‍ പുറത്തുവരും.

ഐശ്വര്യ റായി
ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപില്‍ അമിക് പാര്‍ട്ണേഴ്സ് എന്ന തട്ടിക്കൂട്ട് കമ്പനിയിലെ ഡയറക്ടറായിരുന്നു നടി ഐശ്വര്യ റായി. 2005ലാണ് മാതാപിതാക്കളും സഹോദരനും ചേര്‍ന്നുള്ള ഡയറക്ടര്‍ ബോര്‍ഡുള്ള കമ്പനി നിലവില്‍ വന്നത്. പിന്നീട് ഐശ്വര്യ ഓഹരി ഉടമ മാത്രമായി. 2008ല്‍ കമ്പനി പിരിച്ചുവിട്ടു.

അമിതാഭ് ബച്ചന്‍
രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്ന അഭ്യൂഹത്തിന് പിന്നാലെയാണ് ഇന്ത്യന്‍ സിനിമയിലെ അതികായന്‍െറയും മരുമകളുടെയും പേരില്‍ കള്ളപ്പണ നിക്ഷേപം പുറത്തുവരുന്നത്. ബഹാമസില്‍ മൂന്നും ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപിലെ ഒന്നും  കപ്പല്‍കമ്പനിയുടെ ഡയറക്ടറാണെന്ന് പനാമ പേപ്പേഴ്സ് പറയുന്നു. 1993ലാണ് നിക്ഷേപം തുടങ്ങിയത്.

കെ.പി. സിങ്
രാജ്യത്തെ മുന്‍നിര കെട്ടിടനിര്‍മാണ-റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡി.എല്‍.എഫിന്‍െറ പ്രമോട്ടറായ കെ.പി. സിങ്  2010ല്‍ ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപിലാണ് കമ്പനിയുണ്ടാക്കി പണം നിക്ഷേപിച്ചത്. ഭാര്യ ഇന്ദിര സിങ് സഹ ഡയറക്ടറായിരുന്നു. മകന്‍ രാജീവ് സിങ്ങും മകള്‍ പിയ സിങ്ങും  2012ല്‍ രണ്ടു കമ്പനിയില്‍ കൂടി പണമിറക്കി.

 

ഐശ്വര്യ റായ് ഡയറക്ടറാണെന്ന് തെളിയിക്കുന്ന മൊസക് ഫൊൻസെകയുടെ രേഖ (കടപ്പാട്: ഇന്ത്യൻ എക്സ്പ്രസ്)
 
അമിതാഭ് ബച്ചൻ ഡയറക്ടറായിരുന്നു എന്ന് തെളിയിക്കുന്ന മൊസക് ഫൊൻസെകയുടെ രേഖ (കടപ്പാട്: ഇന്ത്യൻ എക്സ്പ്രസ്)
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.