ഗോപാല്‍ഗഞ്ചിനെ ലാലു  ചെറു ചമ്പലാക്കിയെന്ന് മോദി

ഗോപാല്‍ഗഞ്ച്: ബിഹാറിലെ വിശാല സഖ്യത്തിനെതിരെ കടന്നാക്രമണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പര്യടനം. ലാലുപ്രസാദ് യാദവിന്‍െറ ഭരണകാലത്തെ അക്രമങ്ങളെയും മുസ്ലിം സംവരണത്തില്‍ നിതീഷ്കുമാര്‍ മുമ്പ് സ്വീകരിച്ച നിലപാടിനെയും ഉയര്‍ത്തിപ്പിടിച്ചായിരുന്നു ഗോപാല്‍ഗഞ്ചില്‍ മോദിയുടെ പ്രസംഗം. പഴയകാലം നിതീഷ് കുമാറിന് സ്വീകാര്യമായിരിക്കും എന്നാല്‍, ബിഹാറിലെ ജനങ്ങള്‍ക്ക് സ്വീകാര്യമല്ളെന്ന് മോദി പറഞ്ഞു. 
ആ പഴയ ദിനങ്ങള്‍ തിരികെ തരൂ എന്നാണ് നിതീഷ് തന്‍േറടത്തോടെ പറയുന്നത്. എന്നാല്‍, തട്ടിക്കൊണ്ടുപോകലും സ്ത്രീകള്‍ക്കും ദലിതര്‍ക്കുമെതിരായ അക്രമങ്ങളും കൊള്ളയും പതിവായിരുന്ന ആ ദിവസങ്ങള്‍ ഓര്‍ക്കുന്നില്ളേയെന്ന് മോദി ചോദിച്ചു. എന്താണ് ആ കാട്ടുഭരണത്തില്‍ സംഭവിച്ചിരുന്നത്. അവര്‍ ഈ ഗോപാല്‍ഗഞ്ചിനെ കൊള്ളക്കും കൊലക്കും പേരുകേട്ട ചമ്പലിന്‍െറ ഒരു ചെറു രൂപമാക്കി. വീണ്ടും ആ ചമ്പല്‍ ദിനങ്ങളിലേക്കാണോ തിരിച്ചുപോകേണ്ടത്. 
അധികാരഭ്രമത്തില്‍ നിതീഷിന് ആ പഴയകാലം സ്വീകാര്യമായേക്കാം, പക്ഷേ, ബിഹാറിലെ ജനങ്ങള്‍ക്ക് ആവശ്യമില്ല. സംവരണ വിഷയത്തില്‍ 2005 ആഗസ്റ്റ് 25ന് നിതീഷ് തന്‍െറ നിലപാട് പാര്‍ലമെന്‍റില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മോദി ആരോപിച്ചു. 
പട്ടികജാതി/വര്‍ഗ, ഒ.ബി.സി, ഇ.ബി.സി സംവരണത്തില്‍നിന്ന് അഞ്ചു ശതമാനം ഒരു പ്രത്യേക സമുദായത്തിന് നല്‍കാനാണ് അവര്‍ ശ്രമിക്കുന്നതെന്ന് താന്‍ പറഞ്ഞപ്പോള്‍ അവര്‍ അസ്വസ്ഥരാണ്. നിതീഷ് പാര്‍ലമെന്‍റില്‍ പറഞ്ഞത് എന്താണെന്നതിന്‍െറ തെളിവ് തന്‍െറ പക്കലുണ്ട്. ഇതിന് മറുപടി പറയാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുകയാണെന്നും മോദി പറഞ്ഞു. 
ആര്‍.എസ്.എസ് തലവന്‍െറ പരാമര്‍ശങ്ങളുടെ പേരില്‍ ബി.ജെ.പിയെ സംവരണവിരുദ്ധരായി മഹാസഖ്യം ഉയര്‍ത്തിക്കാട്ടിയ സാഹചര്യത്തിലാണ് മോദിയുടെ പ്രത്യാക്രമണം. ലാലുവിന്‍െറ കാലത്തെ കുംഭകോണങ്ങളെയും മോദി പേരെടുത്തു പറഞ്ഞു. ബഡാ ഭായിയും ഛോട്ടാ ഭായിയുമുള്‍പ്പെടെ കഴിഞ്ഞ 60 വര്‍ഷം ബിഹാറിനെ കൊള്ളയടിച്ചവര്‍ക്ക് ശിക്ഷ നല്‍കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.