ഓൺലൈൻ സ്‌ക്രീൻ മാർക്കിങ്; പുറത്തുവരുന്നത് സി.ബി.എസ്.ഇയുടെ കെടുകാര്യസ്ഥത

ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിനായി ഈ വർഷം രാജ്യവ്യാപകമായി നടപ്പാക്കിയ ഓൺലൈൻ സ്‌ക്രീൻ മാർക്കിങ് സംവിധാനത്തിൽ സി.ബി.എസ്.ഇയുടെ ഗുരുതര വീഴ്ചകൾ പ്രതിദിനം പുറത്തുവരുന്നു. പരീക്ഷാഫലത്തിന് പിന്നാലെ പുനർമൂല്യനിർണയത്തിന് അപേക്ഷിച്ച വിദ്യാർഥികൾക്ക് ലഭിച്ച ഉത്തരക്കടലാസുകളിൽ സപ്ലിമെന്ററി ഷീറ്റുകൾ കാണാതാവുക, കൃത്യമായ ഉത്തരങ്ങൾക്ക് മാർക്ക് നൽകാതിരിക്കുക, ഉത്തരക്കടലാസുകൾ പരസ്പരം മാറിപ്പോവുക തുടങ്ങിയ പരാതികളാണ് വ്യാപകമായി ഉയരുന്നത്.

കണക്ക് പരീക്ഷയിൽ ഡൽഹി സ്വദേശിയായ ശ്രീയ ഉത്തൽ എന്ന വിദ്യാർഥിയുടെ 22 മാർക്കിന്റെ രണ്ട് സപ്ലിമെന്ററി ഷീറ്റുകൾ കാണാനില്ല. ഡൽഹിയിൽതന്നെയുള്ള മറ്റൊരു വിദ്യാർഥിയുടെ നാല് മാർക്കിന്റെ ഷീറ്റും കോമേഴ്‌സ് വിദ്യാർഥിയുടെ 35 മാർക്കിന്റെ മൂന്ന് സപ്ലിമെന്ററി ഷീറ്റുകളും ഇത്തരത്തിൽ കാണാതായിട്ടുണ്ട്. പല ഉത്തരക്കടലാസുകളും വ്യക്തതയില്ലാത്തതുമാണ്. മൾട്ടിപ്ൾ ചോയ്‌സ് ചോദ്യങ്ങൾക്ക് പകുതി മാർക്ക് നൽകിയതായും ശരിയായ ഉത്തരങ്ങൾക്ക് പൂജ്യം മാർക്ക് രേഖപ്പെടുത്തിയതായും ആക്ഷേപമുണ്ട്.

മൂല്യനിർണയം നടത്തുന്ന അധ്യാപകർക്ക് പുതിയ സാങ്കേതികവിദ്യയിൽ കൃത്യമായ പരിശീലനം ലഭിക്കാത്തതാണ് ഇതിന് കാരണമെന്ന് കുട്ടികൾ കുറ്റപ്പെടുത്തുന്നു. ഇതിനിടെ, സി.ബി.എസ്.ഇയുടെ വീഴ്ച ചൂണ്ടിക്കാണിച്ചതിന് വേദാന്ത് ശ്രീവാസ്തവ എന്ന വിദ്യാർഥിയെ പാകിസ്താൻ അനുകൂലിയാക്കി ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ സംഘ്പരിവാർ അക്കൗണ്ടുകളിൽനിന്നും വ്യാപകമായി സൈബർ ആക്രമണം നടന്നു.

ദൂരദർശൻ ന്യൂസ് ആങ്കർ അശോക് ശ്രീവാസ്തവ ഉൾപ്പെടെയുള്ളവർ വേദാന്തിനെ പാകിസ്താനി എന്ന് ചാപ്പകുത്തിയിരുന്നു. തനിക്ക് ലഭിച്ചത് വേറെ വിദ്യാർഥിയുടെ ഉത്തരക്കടലാസാണെന്ന് വേദാന്ത് തെളിവ് സഹിതം വ്യക്തമാക്കിയതോടെയാണ് സൈബർ ആക്രമണം ആരംഭിച്ചത്. എന്നാൽ, പ്രതിഷേധം കനത്തതോടെ തങ്ങളുടെ ഭാഗത്തുണ്ടായ വീഴ്ച സി.ബി.എസ്.ഇ സമ്മതിച്ചു. പുതുതായി ലഭിച്ച ഉത്തരക്കടലാസിലും കൃത്യമായ ഉത്തരങ്ങൾക്ക് മാർക്ക് വെട്ടിക്കുറച്ചിട്ടുണ്ടെന്ന് വേദാന്ത് പറഞ്ഞു.

പ്രവേശന പരീക്ഷകളുടെ തിരക്കുകൾക്കിടയിൽ സി.ബി.എസ്.ഇ പോർട്ടലിലെ സാങ്കേതിക തകരാറുകളും അനാസ്ഥയും വിദ്യാർഥികളുടെ മാനസിക സമ്മർദം ഇരട്ടിയാക്കുകയാണ്. പുതിയ ഡിജിറ്റൽ സംവിധാനം നടപ്പാക്കിയതിലെ ധിറുതിയും കാര്യക്ഷമതയില്ലായ്മയുമാണ് വിദ്യാർഥികളുടെ ഭാവിവെച്ചുള്ള ഈ കളിക്ക് പിന്നിലെന്ന് അധ്യാപകരും രക്ഷിതാക്കളും കുറ്റപ്പെടുത്തുന്നു.

Tags:    
News Summary - Online screen marking exposes CBSE's mismanagement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.