ന്യൂഡൽഹി: ചൈനയും പാകിസ്താനും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലെ ജമ്മു കശ്മീർ പരാമർശങ്ങളെ ശക്തമായി തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ജമ്മു കശ്മീർ, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങൾ ഇന്ത്യയുടെ ‘അവിഭാജ്യവും അലംഘനീയവുമായ ഭാഗങ്ങളാണ്’ എന്ന് ഇന്ത്യ ആവർത്തിച്ചു വ്യക്തമാക്കി.
ജമ്മു കശ്മീർ വിഷയം ‘ചരിത്രം അവശേഷിപ്പിച്ച തർക്കമാണെന്ന്’ വിശേഷിപ്പിക്കുകയും, യു.എൻ ചാർട്ടർ, പ്രസക്തമായ യു.എൻ രക്ഷാസമിതി പ്രമേയങ്ങൾ, ഉഭയകക്ഷി കരാറുകൾ എന്നിവക്ക് അനുസൃതമായി സമാധാനപരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതായിരുന്നു പാകിസ്താൻ-ചൈന സംയുക്ത പ്രസ്താവന. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ ശക്തമായ പ്രതികരണം.
മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി, തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതിനെ ഇന്ത്യ ‘ഖണ്ഡിതമായി നിരാകരിക്കുന്നു’ എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ജമ്മു കശ്മീരിലെ ഇന്ത്യയുടെ നിലപാട് മാറ്റമില്ലാത്തതും വ്യക്തവുമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ജമ്മു കശ്മീർ, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങൾ എപ്പോഴും ഇന്ത്യയുടെ അവിഭാജ്യവും അലംഘനീയവുമായ ഭാഗമായിരുന്നു, ഇപ്പോഴുമതേ, എപ്പോഴും അങ്ങനെയായിരിക്കുകയും ചെയ്യും. അതിൽ അഭിപ്രായം പറയാൻ മറ്റൊരു രാജ്യത്തിനും യാതൊരു അവകാശവുമില്ല - വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
തങ്ങളുടെ പരമാധികാര പ്രദേശത്തിന്റെ ഭാഗമായി ന്യൂഡൽഹി കണക്കാക്കുന്ന ഇടങ്ങളിൽ വികസിപ്പിക്കുന്ന പദ്ധതികളെ, പ്രത്യേകിച്ച് ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയെ ഇന്ത്യ വീണ്ടും ശക്തമായി എതിർത്തു.
ഇന്ത്യൻ ഭൂപ്രദേശങ്ങളിൽ പാകിസ്താൻ നടത്തുന്ന ‘അനധികൃതവും നിർബന്ധിതവുമായ കൈയേറ്റങ്ങൾക്ക്’ നിയമസാധുത നൽകാനുള്ള മറ്റ് രാജ്യങ്ങളുടെ ഏതൊരു ശ്രമത്തെയും ഇന്ത്യ ‘ദൃഢമായി എതിർക്കുകയും തള്ളിക്കളയുകയും ചെയ്യുന്നു’ എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ ആശങ്കകൾ ചൈനീസ്, പാകിസ്താൻ അധികൃതരെ പലതവണ അറിയിച്ചിട്ടുള്ളതാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ചൈനയും പാകിസ്ഥാനും തമ്മിലുള്ള "അതിർത്തികടന്നുള്ള ജലവിഭവ സഹകരണത്തെക്കുറിച്ചുള്ള’ സംയുക്ത പ്രസ്താവനയിലെ പരാമർശങ്ങളും മന്ത്രാലയം തള്ളിക്കളഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ട് അതിർത്തി പങ്കിടാത്തതിനാൽ ഇത്തരം പ്രയോഗങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതും അസ്വീകാര്യവുമാണെന്ന് ഇന്ത്യ വാദിച്ചു.
1963ൽ ചൈനയും പാകിസ്താനും തമ്മിലുണ്ടാക്കിയ അതിർത്തി കരാറിനെ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും, ആ കരാർ പ്രകാരം പാകിസ്താൻ ഈ മേഖലയിലെ പ്രദേശം ചൈനക്ക് വിട്ടുകൊടുത്തിരിക്കുകയാണെന്നും ന്യൂഡൽഹി ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.