സൈനിക വിവരങ്ങള്‍ ചോര്‍ത്തിയ ഐ.എസ്.ഐ ഏജന്‍റ് പിടിയില്‍

മീറത്ത് (യു.പി): പാകിസ്താന്‍ ഇന്‍റലിജന്‍സ് ഏജന്‍സിയായ ഐ.എസ്.ഐ ഏജന്‍െറന്ന് സംശയിക്കുന്ന പാക് പൗരനെ യു.പി പ്രത്യേക സുരക്ഷാസേന (എസ്.ടി.എഫ്) അറസ്റ്റ്ചെയ്തു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ബറേലി ജില്ലയില്‍ താമസിക്കുന്ന മുഹമ്മദ് ഐസാസ് എന്ന മുഹമ്മദ് കലാമാണ് അറസ്റ്റിലായത്.
ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട നിര്‍ണായക രഹസ്യവിവരങ്ങള്‍ ഇയാളുടെ കൈവശമുണ്ടായിരുന്നതായി എസ്.ടി.എഫ് അറിയിച്ചു. ഇസ്ലാമാബാദുകാരനായ ഇയാള്‍ ഡല്‍ഹിക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മീറത്തില്‍ പിടിയിലായത്. ലാപ്ടോപ്, പെന്‍ഡ്രൈവ്, പശ്ചിമബംഗാളില്‍നിന്നുള്ള വ്യാജ വോട്ടര്‍ ഐ.ഡി കാര്‍ഡ്, വ്യാജ ആധാര്‍ കാര്‍ഡ് തുടങ്ങിയവയും ഇയാളില്‍നിന്ന് കണ്ടെടുത്തു.
ഇന്ത്യന്‍ സൈന്യത്തിന്‍െറ നീക്കമടക്കം നിരവധി നിര്‍ണായക വിവരങ്ങള്‍ പാകിസ്താന് കൈമാറിയതായി ചോദ്യംചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. 2012ലാണ് ഐ.എസ്.ഐയുമായി ബന്ധപ്പെട്ടുതുടങ്ങിയതെന്നും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് പരിശീലനം നേടിയതായും ഐസാസ് പറഞ്ഞു. ഫോട്ടോഗ്രഫി, വിഡിയോഗ്രഫി ജോലി ചെയ്യുന്നുവെന്ന വ്യാജേനയാണ് ഇയാള്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നത്.
പടിഞ്ഞാറന്‍ യു.പി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍നിന്നാണ് സൈനികവിവരങ്ങള്‍ പാകിസ്താനിലേക്ക് അയച്ചിരുന്നതെന്ന് എസ്.ടി.എഫ് ഐ.ജി സുജീത് പാണ്ഡെ അറിയിച്ചു. ഇതുവരെ ഇയാള്‍ക്ക് 5.8 ലക്ഷം രൂപ പ്രതിഫലമായി ലഭിച്ചിട്ടുണ്ട്. കൂടാതെ, ഐസാസിന്‍െറ പാകിസ്താനിലെ വീട്ടുകാര്‍ക്ക് മാസംതോറും 50,000 രൂപയും ലഭിക്കുന്നുണ്ടത്രേ.
സൈനികവിവരങ്ങള്‍ ചോര്‍ത്താന്‍ ഒരു പാകിസ്താന്‍കാരന്‍ ബംഗ്ളാദേശ് വഴി പടിഞ്ഞാറന്‍ യു.പിയില്‍ എത്തിയിട്ടുണ്ട് എന്ന് എസ്.ടി.എഫിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഐസാസിന്‍െറ പിതാവ് ഇസ്ലാമാബാദിലെ അഗ്രികള്‍ചറല്‍ റിസര്‍ച് സെന്‍ററില്‍ ജോലിക്കാരനായിരുന്നു.
പിതാവിന്‍െറ മരണശേഷമാണ് ഐ.എസ്.ഐയുമായി ബന്ധപ്പെടുന്നത്. പരിശീലനത്തിനുശേഷം 2013ല്‍ മുഹമ്മദ് കലാം എന്ന പേരില്‍ പാക് പാസ്പോര്‍ട്ടില്‍ ഐസാസിനെ ധാക്കയിലേക്കയച്ചു. അവിടെവെച്ച് പ്രൊബീന്‍ എന്നയാളാണ് അതിര്‍ത്തി കടക്കാന്‍ സഹായം ചെയ്തത്. പശ്ചിമബംഗാളിലത്തെിയശേഷം മുഹമ്മദ് ഇര്‍ശാദ് എന്നയാളാണ് ഐസാസിന് വോട്ടര്‍കാര്‍ഡും ജൂനിയര്‍ ഹൈസ്കൂള്‍ സര്‍ട്ടിഫിക്കറ്റും റേഷന്‍കാര്‍ഡും സംഘടിപ്പിച്ചുകൊടുത്തത്. കൊല്‍ക്കത്ത സ്വദേശിയായ റഹീസ്, ബിഹാര്‍ സ്വദേശിനി അസ്മ എന്നിവരുടെ സഹായത്തോടെയാണ് ഐസാസ് വിഡിയോഗ്രഫിയില്‍ ഏര്‍പ്പെട്ടിരുന്നതെന്ന് എസ്.ടി.എഫ് അറിയിച്ചു.
2014 ഒക്ടോബറില്‍ ഐസാസ് അസ്മയെ വിവാഹം കഴിച്ചു. രണ്ടുമാസത്തിനുശേഷം ഇയാള്‍ ബറേലിയിലേക്ക് താമസം മാറ്റി. ഇവിടെ ഇയാള്‍ കലാം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
ബറേലിയിലും ഉത്തരാഖണ്ഡിലുമുള്ള സൈന്യത്തിന്‍െറ നീക്കത്തെക്കുറിച്ച് ഈ സമയത്താണ് ഇയാള്‍ വിവരം ശേഖരിച്ചിരുന്നത്.
ആഗ്ര യമുന എക്സ്പ്രസ്വേയില്‍ വ്യോമസേനയുടെ മിറാഷ് യുദ്ധവിമാനം അടുത്തിടെ ഇറക്കിയത് ഐസാസ് വിഡിയോയില്‍ പകര്‍ത്തിയിരുന്നുവെന്ന് എസ്.ടി.എഫ് അധികൃതര്‍ പറഞ്ഞു. മീറത്തിലെ സദര്‍ ബസാര്‍ പൊലീസ് സ്റ്റേഷനില്‍ ഐസാസിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.