ന്യൂഡല്‍ഹി: ഭരണഘടനയെക്കുറിച്ചുള്ള ചര്‍ച്ചക്കിടെ പാര്‍ലമെന്‍റില്‍ ഏക സിവില്‍ കോഡിന് വേണ്ടി ബി.ജെ.പി വാദം. രാജ്യസഭയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും ലോക്സഭയില്‍ പാര്‍ലമെന്‍ററികാര്യമന്ത്രി വെങ്കയ്യ നായിഡുവും ആവശ്യം ഉന്നയിച്ചു. ഭരണഘടനയില്‍ മതനിരപേക്ഷത ചേര്‍ത്തതിനെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വ്യാഴാഴ്ച ലോക്സഭയില്‍ ചോദ്യംചെയ്തതിന് പിന്നാലെയാണ് ബി.ജെ.പി തങ്ങളുടെ മുഖ്യ ഹിന്ദുത്വ അജണ്ടകളിലൊന്ന് പൊതുചര്‍ച്ചയിലേക്ക് കൊണ്ടുവന്നത്.
ഏക സിവില്‍ കോഡ് സംബന്ധിച്ച ബി.ജെ.പിയുടെ ആവശ്യത്തിന് പ്രതിപക്ഷത്തുനിന്ന് ബിജു ജനതാദളിന്‍െറ പിന്തുണയും ലഭിച്ചു. സുപ്രീംകോടതിയുടെ നിര്‍ദേശത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ബിജു ജനതാദള്‍ നേതാവ് ബര്‍തൃഹരി മെഹ്താബ് ആവശ്യപ്പെട്ടു.
ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന ആവശ്യം വ്യാഴാഴ്ച കേന്ദ്രമന്ത്രി തവാര്‍ചന്ദ് ഗെഹ്ലോട്ടും ഉന്നയിച്ചിരുന്നു. ഏക സിവില്‍ കോഡ് സംബന്ധിച്ച അംബേദ്കറുടെ നിര്‍ദേശങ്ങള്‍ പതിറ്റാണ്ടുകള്‍ ഭരിച്ചിട്ടും കോണ്‍ഗ്രസ് പരിഗണിച്ചില്ളെന്ന് ജെയ്റ്റ്ലി പറഞ്ഞു.
ഏക സിവില്‍ കോഡ് കൊണ്ടുവരണമെന്നും ഗോവധ നിരോധം നടപ്പാക്കണമെന്നുമുള്ള 1949ലെ പ്രസംഗം ഇന്ന് ഡോ. അംബേദ്കര്‍ നടത്തിയാല്‍, അതിനോട് സഭ എങ്ങനെ പ്രതികരിക്കുമെന്നും ജെയ്റ്റ്ലി ചോദിച്ചു. പ്രധാനമന്ത്രിയായിരിക്കെ ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിര ഗാന്ധിയും ഗോവധ നിരോധം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് എഴുതിയിട്ടുണ്ട്. കേരളവും ബംഗാളും ഒഴികെ അത് നടപ്പാക്കിയെന്നും ജെയ്റ്റ്ലി തുടര്‍ന്നു.
അംബേദ്കര്‍ നമുക്കുതന്ന ഭരണഘടനയുടെ മഹത്വത്തെക്കുറിച്ച് ഏറെ പറയുമ്പോഴും ഏക സിവില്‍ കോഡ് സംബന്ധിച്ച് മൗനംപാലിക്കുന്നത് എന്തുകൊണ്ടാണെന്നാണ് വെങ്കയ്യ നായിഡുവിന്‍െറ ചോദ്യം. വിഷയം ഏറെക്കാലമായി തീരുമാനമില്ലാതെ കിടക്കുകയാണ്.
ഇനിയെങ്കിലും ഇക്കാര്യത്തില്‍ പാര്‍ട്ടികള്‍ തീരുമാനമെടുക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. ഏക സിവില്‍ കോഡ് ഉള്‍പ്പെടെ ആവശ്യങ്ങള്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.