ന്യൂഡൽഹി: ബാങ്കുകളുടെ കിട്ടാക്കടം താങ്ങാനാവാത്ത തോതിൽ തുടരുകയാണെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. കിട്ടാക്കടത്തിെൻറ അളവ് കുറച്ചു കൊണ്ടുവരുന്നതിനെക്കുറിച്ച് വിവിധ പൊതുമേഖലാ ബാങ്കുകളുടെ മേധാവികളുമായി ധനമന്ത്രി ചർച്ച നടത്തി. കിട്ടാക്കടം പെരുകുന്നതുവഴി ബാങ്കുകൾ നേരിടുന്ന പ്രശ്നങ്ങൾ കുറക്കാൻ ലക്ഷ്യമിട്ട് അടുത്തകാലത്ത് ചില നടപടികൾ സർക്കാർ പ്രഖ്യാപിച്ചിരുന്നുവെന്ന് ധനമന്ത്രി പറഞ്ഞു.
കടം തിരിച്ച് ഈടാക്കാൻ ബാങ്കുകൾക്ക് ഇപ്പോൾ കൂടുതൽ അധികാരമുണ്ട്. വായ്പയെടുത്ത വൻകിടക്കാരിൽ ചിലർ ബോധപൂർവം തിരിച്ചടവ് മുടക്കുന്നതാണ് കിട്ടാക്കടം വർധിക്കാൻ കാരണം. വൈദ്യുതി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി വിവിധ രംഗങ്ങളിലെ മാന്ദ്യവും കിട്ടാക്കടം വർധിപ്പിക്കുന്നു. അതേസമയം, മദ്യരാജാവ് വിജയ് മല്യ പോലുള്ള വൻകിട കുടിശ്ശികക്കാരുടെ പേരുകൾ ജെയ്റ്റ്ലി പരാമർശിച്ചില്ല. വായ്പയിൽ 12 ശതമാനത്തോളമാണ് കിട്ടാക്കടം.
സെപ്റ്റംബറിലെ കണക്കു പ്രകാരം 19 ബാങ്കുകളുടെ മൊത്തം പ്രവർത്തനരഹിത ആസ്തി 2.60 ലക്ഷം കോടി രൂപയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപന ഉദ്ദേശിച്ചതുപോലെ നടക്കാത്തത് സർക്കാറിെൻറ താൽപര്യമില്ലായ്മ കൊണ്ടല്ല, ഓഹരി വാങ്ങുന്ന കാര്യത്തിൽ വിപണിയിൽ നിലനിൽക്കുന്ന മാന്ദ്യംകൊണ്ടാണെന്ന് ജെയ്റ്റ്ലി വ്യക്തമാക്കി. വിപണി സാഹചര്യം മെച്ചപ്പെടുന്ന മുറക്ക് ഓഹരി വിൽപന വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കൊല്ലം 69,500 കോടി രൂപ ഓഹരി വിൽപന വഴി സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. അത് നടപ്പില്ലെന്ന് ഉറപ്പായിരിക്കേയാണ് മന്ത്രിയുടെ വിശദീകരണം. നടപ്പുവർഷത്തിെൻറ ആദ്യ എട്ടുമാസങ്ങൾ പിന്നിട്ടപ്പോൾ സർക്കാർ വിറ്റത് 12,600 കോടിയുടെ ഓഹരികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.