ഷീന ബോറ കേസില്‍ വിചാരണ അടുത്ത മാസം തുടങ്ങും

മുംബൈ: ഷീന ബോറ കൊലക്കേസ് വിചാരണ ഡിസംബര്‍ ആദ്യ വാരം തുടങ്ങും. കേസില്‍ അറസ്റ്റിലായ ഇന്ദ്രാണി മുഖര്‍ജി, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവര്‍ക്കെതിരെ വ്യാഴാഴ്ച സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ഗൂഢാലോചന, കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് ഐ.പി.സി, ആയുധ, വിവര-സാങ്കേതിക നിയമങ്ങള്‍ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ജുഡീഷ്യല്‍ കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇന്ദ്രാണി, സഞ്ജീവ് ഖന്ന, ശ്യാംവര്‍ റായ് എന്നിവരുടെ കസ്റ്റഡി അടുത്ത മൂന്നുവരെ നീട്ടിയ മജിസ്ട്രേറ്റ് കോടതി ഇനി മൂവരെയും സെഷന്‍സ് കോടതിയില്‍ ഹാജരാക്കാനാണ് ആവശ്യപ്പെട്ടത്. പ്രത്യേക കോടതിയില്‍ മൂവര്‍ക്കുമെതിരെ വിചാരണ തുടങ്ങുമ്പോഴേക്കും വ്യാഴാഴ്ച അറസ്റ്റിലായ  പീറ്റര്‍ മുഖര്‍ജിക്കെതിരെ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനാണ് സി.ബി.ഐ നീക്കം. ഷീനയെ താന്‍ കൊന്നിട്ടില്ളെന്നും തന്നെ കേസില്‍ കുടുക്കിയതാണെന്നുമാണ് കഴിഞ്ഞ ദിവസം ഇന്ദ്രാണി മുഖര്‍ജി മാധ്യമങ്ങളോട് പ്രതികരിച്ചത്. ദക്ഷിണ മുംബൈയിലെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയശേഷം ജയിലിലേക്ക് മടങ്ങുമ്പോഴായിരുന്നു മാധ്യമങ്ങളോട് ഇന്ദ്രാണി ഇത് പറഞ്ഞത്. പീറ്റര്‍ മുഖര്‍ജിയെയും കേസില്‍ കുടുക്കിയതാണോ എന്ന ചോദ്യത്തോട് ഇന്ദ്രാണി പ്രതികരിച്ചില്ല. ഷീനയെ കൊന്നിട്ടില്ളെന്നും അവള്‍ അമേരിക്കയിലുണ്ടെന്നുമുള്ള വാദമാണ് ഇന്ദ്രാണി ആദ്യം മുംബൈ പൊലീസിനോടും പിന്നീട് സി.ബി.ഐയോടും ആവര്‍ത്തിച്ചത്. എന്നാല്‍, ഗാഗൊഡെ ഖുര്‍ദില്‍നിന്ന് കണ്ടത്തെിയ മൃതദേഹാവശിഷ്ടങ്ങള്‍ ഷീനയുടേതുതന്നെയാണെന്ന് മൂന്നിടങ്ങളില്‍ നടത്തിയ ഫോറന്‍സിക് പരിശോധനകളിലും തെളിഞ്ഞു. ആദ്യ ഭര്‍ത്താവ് സിദ്ധാര്‍ഥ് ദാസില്‍ ഇന്ദ്രാണിക്കു പിറന്ന മകളാണ് ഷീന. ഷീനക്കു പിന്നാലെ ഷീനയുടെ സഹോദരന്‍ മിഖായലിനെയും കൊല്ലാന്‍ ശ്രമിച്ചെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.