ആകാശവാണി, ദൂരദര്‍ശന്‍ പ്രമോഷന്‍ തര്‍ക്കത്തിന് അറുതി

ന്യൂഡല്‍ഹി: ആകാശവാണിയിലെയും ദൂരദര്‍ശനിലെയും ഉയര്‍ന്ന തസ്തികകളില്‍ ബഹുഭൂരിപക്ഷവും ഒഴിഞ്ഞുകിടക്കാനിടയാക്കിയ പ്രമോഷന്‍ തര്‍ക്കത്തിന് അറുതി.  2000 ഏപ്രില്‍ ഒന്നുവരെയുള്ള ഒഴിവുകളിലേക്ക് യു.പി.എസ്.സിയും അതിനുശേഷമുള്ള ഒഴിവുകളിലേക്ക് പ്രസാര്‍ഭാരതിയും വകുപ്പുതല പ്രമോഷന്‍ കമ്മിറ്റി (ഡി.പി.സി) വിളിച്ചുകൂട്ടി  ഉദ്യോഗക്കയറ്റം നല്‍കണമെന്ന് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ ഡല്‍ഹി പ്രിന്‍സിപ്പല്‍ ബെഞ്ച് ഉത്തരവിട്ടു. നാലുമാസത്തിനകം നടപടി പൂര്‍ത്തിയാക്കണമെന്നും 1995 മുതല്‍ നിലനില്‍ക്കുന്ന തര്‍ക്കം തീര്‍പ്പാക്കി ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.
പ്രോഗ്രാം ഓഫിസര്‍മാര്‍ക്ക് ഉദ്യോഗക്കയറ്റം നല്‍കേണ്ടത് യു.പി.എസ്.സിയാണോ പ്രസാര്‍ഭാരതിയാണോ എന്ന തര്‍ക്കമാണ് ആകാശവാണി, ദൂരദര്‍ശന്‍ നിലയങ്ങളിലെ 1995 മുതല്‍ക്കുള്ള പ്രമോഷന്‍ അവതാളത്തിലാക്കിയത്. പ്രോഗ്രാം എക്സിക്യൂട്ടിവുമാരില്‍നിന്ന് ഉയര്‍ന്ന തസ്തികകളിലേക്ക്, നാലുമാസത്തിനകം ഡി.പി.സി വിളിച്ചുകൂട്ടി പ്രമോഷന്‍ നല്‍കണമെന്ന് 2002ല്‍ ഇതേ ട്രൈബ്യൂണല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 13 വര്‍ഷമായിട്ടും ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ആകാശവാണി, ദൂരദര്‍ശന്‍ പ്രോഗ്രാം സ്റ്റാഫ് അസോസിയേഷന്‍ നല്‍കിയ ഹരജിയിലാണ് നാലു മാസത്തിനകം പ്രമോഷന്‍ ലിസ്റ്റ് തയാറാക്കി നിയമന ഉത്തരവ് നല്‍കാന്‍ ട്രൈബ്യൂണല്‍ വിധിച്ചത്.
പ്രസാര്‍ഭാരതി നിയമത്തില്‍ വരുത്തിയ ഭേദഗതിയെതുടര്‍ന്ന് ഇന്‍ഫര്‍മേഷന്‍ സര്‍വിസ്, കേന്ദ്ര സെക്രട്ടേറിയറ്റ് തുടങ്ങിയ കേന്ദ്ര സര്‍വിസുകളില്‍നിന്ന്  നിയമിക്കപ്പെട്ടവരൊഴികെയുള്ള എല്ലാ വിഭാഗം ജീവനക്കാരെയും 1.4.2000 മുതല്‍ ഡീംഡ് ഡെപ്യൂട്ടേഷനില്‍ സര്‍ക്കാര്‍ പ്രസാര്‍ഭാരതിയിലേക്ക് മാറ്റിയിരുന്നു. ഇത് കണക്കിലെടുത്താണ് അതിനു മുമ്പ് വരെയുള്ള പ്രമോഷന്‍ നടപടികള്‍ യു.പി.എസ്.സിയും ശേഷമുള്ള വര്‍ഷങ്ങളിലേത് പ്രസാര്‍ഭാരതിയും നടത്തണമെന്ന് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റിവ്  ട്രൈബ്യൂണല്‍ ഉത്തരവിട്ടത്.
21 വര്‍ഷമായി പ്രമോഷന്‍ നടത്താനുള്ള നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ ഇന്ത്യയിലെ മിക്ക ആകാശവാണി,ദൂരദര്‍ശന്‍ നിലയങ്ങളിലും വര്‍ഷങ്ങളായി തലപ്പത്ത് ആരുമില്ല. അസിസ്റ്റന്‍റ് ഡയറക്ടര്‍, ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍, അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ എന്നീ ഉയര്‍ന്ന തസ്തികകളിലെ 1034 ഒഴിവുകളില്‍ താല്‍ക്കാലിക ചുമതല നല്‍കിയവരുള്‍പ്പെടെ 189 പേര്‍ മാത്രമാണ് ഇപ്പോഴുള്ളത്. 449 അസിസ്റ്റന്‍റ് ഡയറക്ടര്‍മാരുടെ ഒഴിവില്‍ സ്ഥിരം നിയമനം ലഭിച്ച ഒരാള്‍പോലുമില്ല. ഇവിടെ 126 പേര്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കിയിട്ടുണ്ട്. 395 ഡയറക്ടര്‍മാരുടെ  തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. ഇതില്‍ 36 പേര്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കിയപ്പോള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലിന്‍െറ 160 ഒഴിവുകളില്‍ മൂന്നു പേര്‍ മാത്രമാണുള്ളത്. ഇവിടെ 11 പേര്‍ക്കാണ് താല്‍ക്കാലിക ചുമതല നല്‍കിയിട്ടുള്ളത്. 14  അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍മാരുടെ ഒഴിവുകളില്‍  മറ്റ് സര്‍വിസുകളില്‍നിന്ന് നിയമിക്കപ്പെട്ടവരുള്‍പ്പെടെ 14 പേരാണ് ഇപ്പോഴുള്ളത്.
പ്രോഗ്രാം എക്സിക്യൂട്ടിവുമാരായി യു.പി.എസ്.സി നേരിട്ട് നിയമിക്കുന്നവര്‍ക്ക് അസിസ്റ്റന്‍റ് ഡയറക്ടര്‍മാരായി പ്രമോഷന്‍ ലഭിക്കാനുള്ള അര്‍ഹത മൂന്നു വര്‍ഷത്തെ സര്‍വിസാണ്. 1984 മുതല്‍ നിയമിക്കപ്പെട്ടവര്‍ക്ക് ഇതുവരെയും ഉയര്‍ന്ന തസ്തികകളിലേക്ക് സ്ഥിരം പ്രമോഷന്‍ നല്‍കാതിരുന്നതിനാല്‍ നേരിട്ട് നിയമിക്കപ്പെട്ട നൂറുകണക്കിനാളുകള്‍  ഒരു പ്രമോഷന്‍പോലും ലഭിക്കാതെ വിരമിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.