സുവര്‍ണ ക്ഷേത്രത്തില്‍ സംഘര്‍ഷാവസ്ഥ; കരിങ്കൊടിയും വാളുമുയര്‍ത്തി തീവ്ര സിഖ് വിഭാഗങ്ങള്‍


അമൃത്സര്‍: പുരോഹിത പ്രമുഖനായ ഗുര്‍ബച്ചന്‍ സിങ്ങിനെ എതിര്‍ക്കുന്ന തീവ്ര സിഖ് വിഭാഗക്കാര്‍ കരിങ്കൊടിയും വാളുകളുമുയര്‍ത്തി സുവര്‍ണക്ഷേത്രത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ.
വിശ്വാസികള്‍ക്ക് ദീപാവലി സന്ദേശം നല്‍കുന്ന ചടങ്ങിനിടെയാണ് സംഭവം. തീവ്രവിഭാഗക്കാരുടെ നേതാവും ചൊവ്വാഴ്ച നടന്ന അനൗദ്യോഗിക ചടങ്ങില്‍ നിയമിതനായ പുരോഹിത പ്രമുഖനുമായ ദിയാന്‍ സിങ് മാന്‍ദ് വേദിയില്‍ കയറി വിശ്വാസികളെ അഭിസംബോധന ചെയ്യുകയും ചെയ്തു. പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനെ സാമൂഹികമായി ബഹിഷ്കരിക്കാന്‍ പ്രസംഗത്തില്‍ അദ്ദേഹം ആഹ്വാനംചെയ്തു.
ചടങ്ങിനിടെ അക്രമസംഭവങ്ങള്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നിരവധി പൊലീസുകാരെ സാധാരണ വേഷത്തില്‍ ക്ഷേത്രത്തില്‍ നിയമിച്ചിരുന്നു. എന്നാല്‍, തീവ്രവിഭാഗക്കാരുടെ പ്രവേശം തടയാന്‍ പൊലീസിന് കഴിഞ്ഞില്ല. സുവര്‍ണ ക്ഷേത്രത്തിനകത്ത് ഇരുവിഭാഗങ്ങളും പരസ്പരം ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ടുകളൊന്നുമില്ല.
അതിനിടെ, ചൊവ്വാഴ്ചത്തെ ‘സര്‍ബത് ഖസ്ല’ ചടങ്ങ് സംഘടിപ്പിച്ച ശിരോമണി അകാലിദള്‍ (അമൃത്സര്‍) വിഭാഗം നേതാക്കളെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു. ചൊവ്വാഴ്ചത്തെ ചടങ്ങിന്‍െറ സംഘാടകരായ സിമ്രന്‍ജിത് സിങ് മാന്‍, മോഖം സിങ് എന്നിവരാണ് തടവിലായത്. പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്‍െറ നേതൃത്വത്തില്‍ സുവര്‍ണക്ഷേത്രത്തെയും പുരോഹിതരെയും രാഷ്ട്രീയവത്കരിക്കുകയാണെന്ന് ആരോപിച്ചാണ് ഇവര്‍ ചടങ്ങ് സംഘടിപ്പിച്ചത്.
ചടങ്ങില്‍ പുതിയ പുരോഹിതപ്രമുഖരെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് സംസ്ഥാനത്ത് സംഘര്‍ഷസാധ്യത നിലനില്‍ക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.