പ്രതീകാത്മക ചിത്രം

യു.പിയിൽ നിയമലംഘനം നടത്തിയ 178 സ്വകാര്യ ആശുപത്രികളുടെ ലൈസൻസ് റദ്ദാക്കി; 281 സ്ഥാപനങ്ങൾക്കെതിരെ കേസ്

ലഖ്‌നൗ: മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ച ആശുപത്രികൾക്കെതിരെ പരാതികൾ ലഭിച്ചതിനെ തുടർന്ന് ഉത്തർപ്രദേശിലെ 178 സ്വകാര്യ ആശുപത്രികളുടെ ലൈസൻസ് സംസ്ഥാന സർക്കാർ റദ്ദാക്കി. നിയമസഭയിൽ സമാജ്‌വാദി പാർട്ടി എം.എൽ.എ അതുൽ പ്രധാനിന്റെ ചോദ്യത്തിന് മറുപടിയായി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ആണ് ഇക്കാര്യം അറിയിച്ചത്.

ആശുപത്രികളുടെ പ്രവർത്തനത്തെക്കുറിച്ച് ഏകദേശം 500-ഓളം പരാതികളാണ് സർക്കാരിന് ലഭിച്ചത്. ലൈസൻസ് റദ്ദാക്കിയ നടപടിക്കെതിരെ ആശുപത്രികൾ നൽകിയ അപ്പീലിൽ നടത്തിയ ഹിയറിങ്ങിന് ശേഷം 59 ആശുപത്രികളുടെ ലൈസൻസ് പിന്നീട് പുനഃസ്ഥാപിച്ചു. നിയമങ്ങൾ കാറ്റിൽ പറത്തി പ്രവർത്തിച്ച 281 ആശുപത്രികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നിയമനടപടികൾ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.

സ്വകാര്യ ആശുപത്രികളിലെ അമിത നിരക്ക് നിയന്ത്രിക്കാൻ സർക്കാർ തയ്യാറാണോ എന്ന ചോദ്യത്തിന്, നിലവിൽ സ്വകാര്യ ഡോക്ടർമാരുടെ കൺസൾട്ടേഷൻ ഫീസോ ലാബ് പരിശോധനാ നിരക്കുകളോ നിശ്ചയിക്കാൻ സംസ്ഥാനത്ത് പ്രത്യേക നയമില്ലെന്ന് മന്ത്രി മറുപടി നൽകി. എങ്കിലും സർക്കാർ ആശുപത്രികൾ വഴി പൊതുജനങ്ങൾക്ക് സൗജന്യ ചികിത്സയും മരുന്നുകളും ലഭ്യമാക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആയുഷ്മാൻ ഭാരത് (PMJAY) പദ്ധതി പ്രകാരം അർഹരായവർക്ക് 5 ലക്ഷം രൂപ വരെയും, 70 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് ആയുഷ്മാൻ വയോ വന്ദന യോജന വഴിയും സൗജന്യ ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നും ഉപമുഖ്യമന്ത്രി അറിയിച്ചു.

Tags:    
News Summary - Licenses of 178 private hospitals cancelled for violating laws in UP; Case filed against 281 institutions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.