മണി ശങ്കർ അയ്യർ, കെ.സി വേണുഗോപാൽ
തിരുവനന്തപുരം: പിണറായി വിജയൻ മൂന്നാം തവണയും കേരള മുഖ്യമന്ത്രിയാവുമെന്ന് പറഞ്ഞ് കോൺഗ്രസിനെ വെട്ടിലാക്കിയ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യർ നാവടക്കുന്നില്ല.
സംസ്ഥാന നിയസഭാ തെരഞ്ഞെടുപ്പ് അടുക്കവെ പ്രതിപക്ഷത്തെ പ്രതിസന്ധിയിലാക്കിയ പ്രസ്താവന കോൺഗ്രസ് നേതൃത്വം തള്ളിയതിനു പിന്നാലെ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനും വക്താവ് പവൻ ഖേരക്കും എതിരെ ആഞ്ഞടിച്ചു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും അദ്ദേഹം വിമർശനമുന്നയിച്ചു.
പിണറായി സർക്കാറിനെ പ്രശംസിച്ചുകൊണ്ടുള്ള മണിശങ്കർ അയ്യറുടെ വാക്കുകൾ കോൺഗ്രസ് സംസ്ഥാന -ദേശീയ നേതൃത്വം തള്ളിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് കെ.സി വേണുഗോപാലിനും പവൻഖേരക്കുമെതിരെ കടുത്ത വാക്കുകളിൽ വിമർശന മുന്നയിച്ചത്.
താൻ കോൺഗ്രസുകാരനും നെഹ്റുവിയനും രാജീവിയനുമെന്ന് വ്യക്തമാക്കിയ മണിശങ്കർ അയ്യർ, രാഹുലിയൻ അല്ലെന്നും പറഞ്ഞു. താൻ കോൺഗ്രസുകാരനാണെന്ന കാര്യം രാഹുൽ മറന്നുവെന്നും പറഞ്ഞു.
കോൺഗ്രസിന്റെയും മോശം സംഘടനാകാര്യ സെക്രട്ടറിയാണ് കെ.സി വേണുഗോപാൽ. അയാൾ ഒരു റൗഡിയാണ്. സർദാൽ വല്ലഭായ് പട്ടേലിനെ പോലെ ഒരാൾ ഇരുന്ന കസേരയിലാണ് വേണുഗോപാലിനെ രാഹുൽ ഗാന്ധി ഇരുത്തിയതെന്നും മണിശങ്കർ അയ്യർ തുറന്നടിച്ചു.
പിണറായി സർക്കാറിനെ പ്രകീർത്തിക്കുകയും, വീണ്ടും അധികാരത്തിലെത്തുകയും ചെയ്യുമെന്നുള്ള അയ്യരുടെ പ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നായിരുന്നു കെ.സിയുടെ പ്രതികരണം. ഇതാണ് മുൻ കേന്ദ്രമന്ത്രിയെ പ്രകോപിപ്പിച്ചത്.
കോൺഗ്രസ് വക്താവ് പവൻ ഖേരയെ കളിപ്പാവയെന്നും മണിശങ്കർ അയ്യർ വിശേഷിപ്പിച്ചു. ‘കഴിഞ്ഞ രണ്ടു വർഷമായി എന്നെ കുറ്റപ്പെടുത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. അദ്ദേഹത്തിന് പകരം മറ്റൊരാളെ വക്താവായി കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ പാർട്ടി കൂടുതൽ കുഴപ്പത്തിലാക്കും’- മണിശങ്കർ അയ്യർ വ്യക്തമാക്കി.
മുൻ കേന്ദ്ര മന്ത്രിയും എം.പിയുമായ ശശി തരൂരിനെ മികച്ച അവസരങ്ങൾ ആഗ്രഹിക്കുന്ന കരിയറിസ്റ്റാണെന്നും പറഞ്ഞു. യു.പി.എ സർക്കാരിന്റെ മന്ത്രിയായിരുന്ന തരൂർ ഇപ്പോൾ മോദിയെ പുകഴ്ത്തുന്നു. ശശി തരൂരിനോളം തത്വദീക്ഷയില്ലാത്തെ ഒരു നേതാവിനെ കണ്ടിട്ടില്ല. അദ്ദേഹത്തിനിപ്പോൾ മോദി സർക്കാറിൽ മന്ത്രിയാവുകയാണ് ലക്ഷ്യം -അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് രാജിൽ കേരളം ഒന്നാമതാണ്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്വപ്നമാണ് കേരള പ്രവർത്തികമാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ ഓർത്ത് അഭിമാനിക്കുന്നു. ഒരു കോൺഗ്രസുകാരനായിരിക്കുമ്പോൾ കേരളത്തിൽ യു.ഡി.എഫ് വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ ഒരു ഗാന്ധിയൻ കൂടിയായതിനാൽ എനിക്ക് സത്യം പറഞ്ഞേ മതിയാകൂ. കേരളത്തിൽ, പിണറായി വിജയൻ തന്നെ അടുത്ത തവണയും മുഖ്യമന്ത്രിയാകും -കോൺഗ്രസിന്റെ കടുത്ത വിമർശനങ്ങൾക്കിടയിലും മണിശങ്കർ അയ്യർ പറഞ്ഞു.
നേരത്തെയും കോൺഗ്രസിനെതിരായ കടുത്ത വിമർശനങ്ങളുമായി മണിശങ്കർ അയ്യർ മാധ്യമങ്ങളിൽ നിറഞ്ഞിരുഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.