ഉൾഫ തീവ്രവാദി അനൂപ് ഛെതിയയെ ഇന്ത്യക്ക് കൈമാറി

ന്യൂഡൽഹി: അസമിലെ തീവ്രവാദ സംഘടനയായ ഉൾഫയുടെ സ്ഥാപകാംഗവും സീനിയർ കമാൻഡറുമായ അനൂപ് ഛെതിയയെ ബംഗ്ലാദേശ് ഇന്ത്യക്ക് കൈമാറി. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കവർച്ച അടക്കമുള്ള കേസുകളിൽ പ്രതിയായ ഛെതിയയെ വിശദമായി ചോദ്യം ചെയ്യുന്നതിന് സി.ബി.ഐക്ക് കൈമാറിയിരിക്കുകയാണ്. ഉൾഫക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് ഫണ്ട് ലഭിക്കുന്നത് അടക്കമുള്ള വിവരങ്ങൾ ഇയാളിൽ നിന്ന് ലഭിക്കുമെന്നാണ് കരുതുന്നത്.

1997ൽ വ്യാജ പാസ്പോർട്ടിൽ രാജ്യത്ത് പ്രവേശിച്ചെന്ന കുറ്റത്തിലാണ് ഛെതിയ ബംഗ്ലാദേശിൽ അറസ്റ്റിലാകുന്നത്. അറസ്റ്റിലായ വേളയിൽ വിദേശ കറൻസികളും ആയുധങ്ങളും ഇയാളിൽ നിന്ന് പിടിച്ചെടുത്തിരുന്നു. രാജ്യത്ത് അതിക്രമിച്ച് കയറിയ കുറ്റത്തിന് ഏഴു വർഷത്തെ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. കുറ്റവാളികളെ കൈമാറാനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കാത്തതിനാൽ ഛെതിയയെ ഇതുവരെ കൈമാറിയിരുന്നില്ല. ഭീകരവാദത്തിനെതിരെ പോരാട്ടത്തിൽ സഹകരിക്കുന്നതിന്‍റെ ഭാഗമായാണ് ബംഗ്ലാദേശിന്‍റെ പുതിയ തീരുമാനം.

രാജ്യത്തിന്‍റെ വടക്ക് കിഴക്കൻ സംസ്ഥാനമായ അസമിൽ വിഘടനവാദം ഉയർത്തി 1979ൽ രൂപംകൊണ്ട സംഘടനയാണ് യുനൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഒാഫ് അസം (ഉൾഫ). തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച്, 1990ൽ കേന്ദ്രസർക്കാർ ഉൾഫയുടെ പ്രവർത്തനങ്ങൾക്ക് നിരോധം ഏർപ്പെടുത്തിയിരുന്നു. സായുധ ഏറ്റുമുട്ടൽ വഴി പരമാധികാരമുള്ള അസം സൃഷ്ടിക്കുകയാണ് ഇവരുടെ ലക്ഷ്യം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.