കശ്മീര്‍: വാജ്പേയിയുടെ ഫോര്‍മുല അംഗീകരിക്കാന്‍ പാകിസ്താന്‍ തയാര്‍ –ഫാറൂഖ് അബ്ദുല്ല

ശ്രീനഗര്‍: കശ്മീര്‍ പ്രശ്നപരിഹാരത്തിന് 1999ല്‍ അടല്‍ ബിഹാരി വാജ്പേയി മുന്നോട്ടുവെച്ച ഫോര്‍മുല അംഗീകരിക്കാന്‍ പാകിസ്താന്‍ ഇപ്പോള്‍ തയാറാണെന്ന് ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല. ഇന്ത്യയുടെയും പാകിസ്താന്‍െറയും കൈവശമുള്ള കശ്മീര്‍ ഇരുരാജ്യങ്ങള്‍ക്കും നല്‍കുക എന്ന വാജ്പേയിയുടെ ഫോര്‍മുലയോട് അന്ന് പാകിസ്താന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, പ്രധാനമന്ത്രി നവാസ് ശരീഫിന് ഇക്കാര്യത്തില്‍ അനുകൂല നിലപാടാണെന്നും ഫാറൂഖ് അബ്ദുല്ല ‘ദ ഹിന്ദു’ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇക്കാര്യം പാകിസ്താനിലെ മുതിര്‍ന്ന നേതാക്കളുമായി താന്‍ ചര്‍ച്ച ചെയ്തിരുന്നു. ആരാണ് ഇത് പറഞ്ഞതെന്ന് വ്യക്തമാക്കാന്‍ കഴിയില്ല. ഈ ഫോര്‍മുല നടപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കൈ എടുക്കുമോ എന്നറിയില്ല. ഇക്കാര്യം ദൈവത്തിനു മാത്രമേ അറിയൂ. കശ്മീര്‍ ഇപ്പോഴും ഇന്ത്യയുടെ ഭാഗമാണെന്നതില്‍ തര്‍ക്കമില്ല. ഞങ്ങള്‍ക്ക് സ്വയം ഭരണാധികാരവുമുണ്ട്. എന്നാല്‍, ജനങ്ങള്‍ക്ക് സമാധാനമായി ജീവിക്കണമെങ്കില്‍ പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിക്കണം. ഇതിന് ഇരുരാജ്യങ്ങളും തമ്മില്‍ അന്തിമ ഒത്തുതീര്‍പ്പ് ഉണ്ടാകണം. 2001ലെ ആഗ്ര ഉച്ചകോടിയില്‍ മുശര്‍റഫും വാജ്പേയിയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പുകരാര്‍ യാഥാര്‍ഥ്യമായില്ളെന്നു മാത്രമേ എല്ലാവര്‍ക്കും അറിയൂ. എന്നാല്‍, എന്തുകൊണ്ടാണ് യാഥാര്‍ഥ്യമാവാതെ പോയതെന്ന് ആരും ചര്‍ച്ചചെയ്തില്ല.‘1999ല്‍ ലാഹോര്‍ സന്ദര്‍ശനത്തിനുശേഷം വാജ്പേയി തിരിച്ചത്തെിയപ്പോള്‍ കശ്മീര്‍ പ്രശ്നപരിഹാരത്തെക്കുറിച്ച് ഞാന്‍ അദ്ദേഹവുമായി സംസാരിച്ചിരുന്നു.
നിങ്ങളുടെ അതിര്‍ത്തി നിങ്ങള്‍ സംരക്ഷിക്കൂ, ഞങ്ങളുടെ അതിര്‍ത്തി ഞങ്ങള്‍ നോക്കിക്കൊള്ളാം എന്ന് പാകിസ്താനെ അറിയിച്ചുവെന്നായിരുന്നു വാജ്പേയിയുടെ മറുപടിയെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.