അവാർഡുകൾ തിരിച്ചു നൽകുന്ന ബുദ്ധിജീവികളെ നേരിടാന്‍ ബി.ജെ.പി കാമ്പയിന്‍

ന്യൂഡല്‍ഹി: മോദിസര്‍ക്കാറിന് കീഴില്‍ രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയെ അവാര്‍ഡുകള്‍ തിരിച്ചുനല്‍കി നേരിടാനുള്ള ബുദ്ധിജീവികള്‍ക്കെതിരെ ബി.ജെ.പി ദേശീയനേതൃത്വം ബദല്‍ കാമ്പയിന്‍ തുടങ്ങി. മാറാട് മുതല്‍ കൈവെട്ടുവരെ കേരളത്തില്‍ മാര്‍ക്സിസ്റ്റുകളും മതമൗലികവാദികളും നടത്തിയ നൂറുകണക്കിന് നിഷ്ഠുരമായ ആക്രമണങ്ങളുടെ വേളയില്‍ അവാര്‍ഡ് തിരിച്ചേല്‍പിക്കാത്തത് ദേശീയതലത്തില്‍ വിഷയമാക്കിയാണ് ബി.ജെ.പി വ്യാഴാഴ്ച ബദല്‍പ്രചാരണം തുടങ്ങിയത്.
ഇതിന്‍െറ ഭാഗമായി അവാര്‍ഡ് വിവാദത്തില്‍ സംഘ്പരിവാറിനെയും മോദിസര്‍ക്കാറിനെയും പിന്തുണക്കുന്ന എഴുത്തുകാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ലേഖനങ്ങളുടെ സമാഹാരം ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര പാര്‍ലമെന്‍ററി കാര്യ മന്ത്രി വെങ്കയ്യ നായിഡുവും ചേര്‍ന്ന് വ്യാഴാഴ്ച വൈകീട്ട് പുറത്തിറക്കി.
സിനിമാരംഗത്തെ രണ്ടു പ്രമുഖര്‍ അവാര്‍ഡുകള്‍ തിരിച്ചുനല്‍കിയ അതേ സമയത്താണ് ന്യൂഡല്‍ഹി അശോകറോഡിലെ ബി.ജെ.പി ആസ്ഥാനത്ത് വൈകീട്ട് നാലിന് അമിത് ഷായും വെങ്കയ്യ നായിഡുവും സമാന്തര വാര്‍ത്താസമ്മേളനം വിളിച്ച് ‘സത്യമറിയുക’ എന്നപേരിലുള്ള സമാഹാരം പുറത്തിറക്കിയത്. കേരളത്തിലെ നിരവധി ആക്രമണങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞശേഷം ബുദ്ധിജീവികളെന്ന് കൊട്ടിഘോഷിക്കുന്നവര്‍ അന്ന് നിശ്ശബ്ദരും ഇപ്പോള്‍ അക്രമാസക്തരും ആയതെന്തുകൊണ്ടാണെന്ന് ചോദിച്ചു.
കേരളത്തില്‍ മതപരവും രാഷ്ട്രീയവുമായ അസഹിഷ്ണുതയുടെ പേരില്‍ നൂറുകണക്കിന് നിഷ്ഠുരമായ ആക്രമണങ്ങളാണ് മാര്‍ക്സിസ്റ്റുകളും മതമൗലികവാദികളും നടത്തിയതെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടി. ഇടതുപക്ഷം കേരളത്തില്‍ അധികാരത്തിലിരിക്കുമ്പോഴാണ് 2010ല്‍ തൊടുപുഴ ന്യൂമാന്‍ കോളജിലെ പ്രഫസര്‍ ടി.ജെ. ജോസഫിനെ ‘വര്‍ഗീയവിഷമുള്ള തീവ്രവാദസംഘടന’ പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ആക്രമിച്ചത്. ദൈവനിന്ദ ആരോപിച്ച് അദ്ദേഹത്തിന്‍െറ കൈ മതമൗലികവാദികള്‍ വെട്ടിമാറ്റി. മാനേജ്മെന്‍റ് അദ്ദേഹത്തെ സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. മാര്‍ക്സിസ്റ്റ് സര്‍ക്കാര്‍ നിശ്ശബ്ദത പാലിച്ചു.
കണ്ണൂര്‍ ജില്ലയിലെ പ്രൈമറി സ്കൂളില്‍ കുട്ടികള്‍ക്ക് മുന്നില്‍ കെ.ടി. ജയകൃഷ്ണന്‍ എന്ന അധ്യാപകനെ കിരാതമായി വെട്ടിക്കൊന്നു. മാര്‍ക്സിസ്റ്റ് വിമതനേതാവ് ടി.പി. ചന്ദ്രശേഖരന്‍ 2012ല്‍ കൊല്ലപ്പെട്ടത് ശരീരത്തില്‍ 52 വെട്ടുകളേറ്റാണ്. അന്നൊരു എഴുത്തുകാരനും അവാര്‍ഡ് തിരിച്ചുനല്‍കി പ്രതിഷേധിച്ചില്ല.
ഭരണകക്ഷിയുടെ സഹായത്തോടെ മതമൗലികവാദികള്‍ മാറാട് ബീച്ചിലെ എട്ടു മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയപ്പോള്‍ ആരും മുതലക്കണ്ണീര്‍ ഒഴുക്കിയില്ല.
സ്വന്തം സഹോദരങ്ങളുടെ കൈവെട്ടിയപ്പോള്‍ എന്തുകൊണ്ട് അക്കാദമിക പണ്ഡിതരുടെ സ്വരമുയര്‍ന്നില്ളെന്നും സ്വീകരണമുറികളില്‍ അവാര്‍ഡുകള്‍ കേടുപറ്റാതെ കിടന്നുവെന്നും ബി.ജെ.പി നേതാക്കള്‍ ചോദിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.