തദ്ദേശം: മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് തിരിച്ചടി; കോണ്‍ഗ്രസിന് തിരിച്ചുവരവ്

മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കോട്ടകളില്‍ തിരിച്ചടി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരുടെ നാടായ നാഗ്പുരിലും സംസ്ഥാന മന്ത്രി പങ്കജ മുണ്ടെയുടെ നാടായ ബീഡിലുമാണ് ബി.ജെ.പിക്ക് തിരിച്ചടി.
സംസ്ഥാനഭരണത്തില്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ ബി.ജെ.പിക്ക് മുന്നറിയിപ്പ് നല്‍കുന്നതാണ് വിദര്‍ഭയിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. പലയിടത്തും കോണ്‍ഗ്രസ് വലിയ ഒറ്റക്കക്ഷിയായി തിരിച്ചുവരവിന്‍െറ പാതയിലാണ്.
നാഗ്പുര്‍ ജില്ലയിലെ കുഹി, ഹിങ്കാന, ഭിവാപുര്‍ മുനിസിപ്പല്‍ കൗണ്‍സിലുകള്‍ ബി.ജെ.പിയെ കൈവിട്ടു. ഹിങ്കാന എന്‍.സി.പി പിടിച്ചപ്പോള്‍ കുഹി കോണ്‍ഗ്രസിനാണ്. ശിവസേന ഭരിച്ച ഭിവാപുരില്‍ ആര്‍ക്കും ഭൂരിപക്ഷമില്ളെങ്കിലും കോണ്‍ഗ്രസാണ് വലിയ ഒറ്റക്കക്ഷി. ബീഡിലെ നാലു കൗണ്‍സിലുകളില്‍ മൂന്നെണ്ണം എന്‍.സി.പി പിടിച്ചെടുത്തു. നാഗ്പുര്‍ ഉള്‍പ്പെട്ട വിദര്‍ഭ മേഖല ബി.ജെ.പിയുടെ കോട്ടയായാണ് അറിയപ്പെടുന്നത്.
വിദര്‍ഭയിലെ 29 കൗണ്‍സിലുകളിലാണ് ഞായറാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. മൂന്നു കൗണ്‍സിലുകള്‍ മാത്രമേ ബി.ജെ.പിക്ക് നേടാനായുള്ളൂ. അഞ്ചെണ്ണം കോണ്‍ഗ്രസിനാണ്. ശിവസേനക്ക് ഒന്നുപോലും നേടാനായില്ല. വിദര്‍ഭയിലും ബീഡിലും ബി.ജെ.പിക്കാണ് മുന്‍തൂക്കം. 209 സീറ്റ് ബി.ജെ.പി നേടിയപ്പോള്‍ 199 സീറ്റുനേടി കോണ്‍ഗ്രസ് തിരിച്ചുവരവിന്‍െറ ലക്ഷണം പ്രകടമാക്കി. എന്‍.സി.പി 170, ശിവസേന 118 സീറ്റുവീതം നേടി.
കല്യാണ്‍-ഡോമ്പിവലിയില്‍ ശിവസേനക്ക് 52 സീറ്റുണ്ട്. ഒറ്റക്ക് മത്സരിച്ച ബി.ജെ.പി 42 സീറ്റ് നേടി. ശിവസേനയുമായി സഖ്യത്തിലായിരുന്ന 2010ല്‍ ഒമ്പത് വാര്‍ഡിലാണ് ബി.ജെ.പി ജയിച്ചത്.
കൊലാപുരില്‍ തരണി അഗാഡിയുമായി ചേര്‍ന്ന് 12 സീറ്റാണ് ബി.ജെ.പി നേടിയത്. തരണി അഗാഡി 20ഉം. എന്നാല്‍, 27 സീറ്റുമായി വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് 15 സീറ്റുള്ള എന്‍.സി.പിയുമായി ചേര്‍ന്ന് ഭരിക്കാനുള്ള നീക്കത്തിലാണ്.
കല്യാണ്‍-ഡോമ്പിവലി, കൊലാപുര്‍ നഗരസഭകളടക്കം 60 തദ്ദേശ സ്ഥാപനങ്ങളിലെ 968 സീറ്റുകളിലാണ് ഞായറാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. ഒരുവര്‍ഷംകൊണ്ട് ജനമനസ്സ് മാറിയത് എന്തുകൊണ്ടാണെന്ന് മുഖപത്രമായ ‘സാമ്ന’യിലൂടെ ശിവസേന ബി.ജെ.പിയോട് ചോദിച്ചു. കോണ്‍ഗ്രസിന്‍െറ തിരിച്ചുവരവ് ചൂണ്ടിക്കാട്ടിയായിരുന്നു ചോദ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.