മദ്യനിരോധത്തിന് നിരാഹാരത്തിലായിരുന്ന മുന്‍ എം.എല്‍.എ മരിച്ചു

ജയ്പുര്‍: രാജസ്ഥാനില്‍ മദ്യം നിരോധിക്കണമെന്നും ലോകായുക്ത ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് മരണംവരെ നിരാഹാരത്തിലായിരുന്ന ഗാന്ധിയനും മുന്‍ ജനതാദള്‍ എം.എല്‍.എയുമായ ഗുരുചരന്‍ ഛബ്ര(65) മരിച്ചു. ഒക്ടോബര്‍ രണ്ടിനാണ് നിരാഹാരം തുടങ്ങിയത്. നില വഷളായതിനെതുടര്‍ന്ന് അദ്ദേഹം രണ്ടാഴ്ചയായി ജയ്പുരിലെ എസ്.എം.എസ് ആശുപത്രിയില്‍ വെന്‍റിലേറ്ററിലായിരുന്നു. വിദഗ്ധചികിത്സക്ക് തിങ്കളാഴ്ച പ്രത്യേക മെഡിക്കല്‍ സംഘം രൂപവത്കരിക്കുകയും ഗുര്‍ഗോണിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍, എസ്.എം.എസ് ആശുപത്രിയില്‍വെച്ചുതന്നെ അന്ത്യശ്വാസം വലിച്ചു. മൃതദേഹം ആശുപത്രിക്ക് വിട്ടുകൊടുക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. കണ്ണുകള്‍ ദാനം ചെയ്തു. സമ്പൂര്‍ണ മദ്യനിരോധം ഏര്‍പ്പെടുത്താമെന്ന രേഖാമൂലമുള്ള ഉറപ്പില്‍നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോയതിനെതുടര്‍ന്നാണ് ഛബ്ര നിരാഹാരം തുടങ്ങിയത്. കഴിഞ്ഞവര്‍ഷം 45 ദിവസം നിരാഹാരസമരം നടത്തിയശേഷമാണ് സര്‍ക്കാര്‍ ഈ ഉറപ്പ് നല്‍കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.