നേപ്പാളിൽ പൊലീസ് വെടിവെപ്പിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

കാഠ്മണ്ഡു: പുതിയ ഭരണഘടനയില്‍ പ്രതിഷേധിച്ച്  നേപ്പാള്‍-ഇന്ത്യ അതിര്‍ത്തി ചെക്പോസ്റ്റുകള്‍ ഉപരോധിച്ച മധേശി  പ്രക്ഷോഭകര്‍ക്കുനേരെ നേപ്പാള്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഇന്ത്യക്കാരനായ യുവാവ് കൊല്ലപ്പെട്ടു. ബിഹാറിലെ അതിര്‍ത്തി പ്രദേശമായ റക്സല്‍ സ്വദേശി ആശിശ് റാം (19) ആണ് കൊല്ലപ്പെട്ടത്. ആശിശിന്‍െറ നെറ്റിയിലാണ് വെടിയേറ്റത്.

ആശുപത്രിയില്‍വെച്ച് ആശിശ്  മരിച്ചതായി  ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.  ഞായറാഴ്ച പുലര്‍ച്ചെയാണ് ബ്രിഗുഞ്ചിന് സമീപം ശങ്കരാചാര്യ കവാടത്തില്‍ പൊലീസും പ്രക്ഷോഭകരും  ഏറ്റുമുട്ടിയത്.  ടെന്‍റുകളില്‍ ഉറങ്ങുകയായിരുന്ന പ്രക്ഷോഭകരെ ലാത്തിവീശി ഓടിച്ചശേഷം കിടക്കകള്‍ക്കും ടെന്‍റുകള്‍ക്കും പൊലീസ് തീയിടുകയായിരുന്നു. ഇതിനെ പ്രക്ഷോഭകര്‍ പ്രതിരോധിച്ചതോടെ പൊലീസ് വെടിവെക്കുകയായിരുന്നു. അഞ്ച് പ്രക്ഷോഭകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴ് പൊലീസുകാര്‍ക്കും നിരവധി പ്രക്ഷോഭകര്‍ക്കും  പരിക്കേറ്റതായാണ് വിവരം.

പ്രദേശത്ത് പൊലീസ് അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചു.പുതിയ ഭരണഘടനപ്രകാരം അവകാശങ്ങള്‍ ലംഘിക്കപ്പെടുമെന്നാരോപിച്ചാണ് 40 ദിവസമായി മധേശി വിഭാഗം ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തികള്‍ ഉപരോധിച്ച് പ്രക്ഷോഭം നടത്തുന്നത്. ഇതുമൂലം അതിര്‍ത്തിവഴിയുള്ള ചരക്കുഗതാഗതം പൂര്‍ണമായും സ്തംഭിക്കുകയും ചെയ്തിരുന്നു. ഇന്ത്യയില്‍നിന്ന് ഇന്ധനവുമായി നേപ്പാളിലേക്ക് പോകേണ്ട ട്രക്കുകളുടെ നീണ്ട നിരയാണ് അതിര്‍ത്തിയിലുള്ളത്. 15 കിലോമീറ്ററോളമാണ് ചരക്കുലോറികളുടെ ക്യൂ.
പ്രക്ഷോഭകരെ ഭയന്ന് ഇന്ത്യ ക്ളിയറന്‍സ് നല്‍കാത്തതിനാലാണ് ചരക്കുലോറികള്‍ നേപ്പാളിലേക്ക് പ്രവേശിക്കാനാകാതെ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് നേപ്പാള്‍ ആരോപിക്കുന്നത്.  മധേശി പ്രക്ഷോഭകരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച സമവായത്തിലത്തൊതെ പിരിഞ്ഞു.

ഭരണഘടനയില്‍ അനിവാര്യമായ മാറ്റം ആവശ്യമാണെന്നാണ് മധേശി വിഭാഗം ആവശ്യപ്പെടുന്നത്.
പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി പരിഗണിച്ച് ആനുകൂല്യങ്ങള്‍ നല്‍കണമെന്നും പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ചികിത്സ ലഭ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തിട്ടില്ളെന്നാണ് സൂചന. എന്നാല്‍, ചര്‍ച്ച തുടരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

അതിനിടെ ഉഭയകക്ഷി പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി നേപ്പാള്‍ സൈന്യവും അമേരിക്കന്‍ സൈന്യവും സംയുക്തമായി സൈനിക പരിശീലനം ആരംഭിച്ചിരിക്കുകയാണ്. നേപ്പാളിന്‍െറ പര്‍വതപ്രദേശങ്ങളിലാണ് ഒരു മാസം നീളുന്ന പരിശീലനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.