ജൈവബന്ധം നഷ്ടമായി; പാര്‍ട്ടി ആള്‍ക്കൂട്ടമായി

കൊല്‍ക്കത്ത: പാര്‍ട്ടിയുടെ മുഴുവന്‍തല പ്രവര്‍ത്തനങ്ങളും ആവര്‍ത്തനമായെന്നും വൈവിധ്യമില്ലായ്മ നുഴഞ്ഞു കയറിയെന്നും സി.പി.എം പ്ളീനം സംഘടനാ റിപ്പോര്‍ട്ട്. ഇതുമൂലം ജനങ്ങളുമായുള്ള ജൈവബന്ധം പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു. പാര്‍ട്ടി അംഗത്വത്തിലെ ഗുണനിലവാരമില്ലായ്മ കാരണം ജനകീയ വിപ്ളവപാര്‍ട്ടിയെന്ന ലക്ഷ്യത്തിനുപകരം ആള്‍ക്കൂട്ടമായി പാര്‍ട്ടി മാറിയെന്നും കേന്ദ്രനേതൃത്വം തുറന്ന് സമ്മതിക്കുന്നു.
നേതൃത്വത്തിന്‍െറ പ്രവര്‍ത്തനങ്ങളില്‍ എല്ലാ തലത്തിലുമുള്ള നവീകരണം ആവശ്യമാണെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.പൊതുയോഗങ്ങളിലും റാലികളിലും പ്രസംഗിക്കുന്നത് മാത്രമാണ് നേതാക്കള്‍ക്ക് ജനങ്ങളുമായി ഒൗപചാരിക ബന്ധമുണ്ടാകുന്ന ഏക വഴിയെന്ന രീതി പൊളിക്കണം. അംഗങ്ങളുടെയും അനുഭാവികളുടെയും വീക്ഷണം അറിയാന്‍ മുതിര്‍ന്ന അംഗങ്ങളെല്ലാം വീടുവീടാന്തരമുള്ള പ്രചാരണങ്ങളിലും അയല്‍ക്കൂട്ട യോഗങ്ങളിലും ഫണ്ട് പിരിവിലും പങ്കെടുക്കണം.
ജില്ലാ കമ്മിറ്റി മുതല്‍ താഴോട്ടുള്ള ബഹുജനസംഘടനാനേതാക്കള്‍ ഉള്‍പ്പെടെ ഗ്രാമങ്ങളിലും തൊഴിലാളിവര്‍ഗ കേന്ദ്രങ്ങളിലും രാത്രി തങ്ങി അവരുമായി സംവദിക്കണം. ബഹുജന പ്രചാരണങ്ങളിലും സമരപോരാട്ടങ്ങളിലും പി.ബിയും കേന്ദ്ര കമ്മിറ്റിയും മുതലുള്ള നേതാക്കള്‍ പങ്കെടുക്കണം. 16 പി.ബി അംഗങ്ങളില്‍ എട്ടു പേര്‍ സെന്‍റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. സംഘടനാപരമായ ആവശ്യം ഉദിക്കുമ്പോള്‍ കേന്ദ്ര നേതൃത്വത്തിന് ഇടപെടാന്‍ കഴിയുന്നില്ല. അഖിലേന്ത്യാ പ്രസ്ഥാനങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും രൂപംനല്‍കാന്‍ പി.ബി  മുന്‍കൈയെടുത്തില്ളെന്ന് ഭൂരിപക്ഷം സംസ്ഥാന ഘടകങ്ങളും വിമര്‍ശിക്കുന്നു. പി.ബിയിലെയും സി.സിയിലെയും വാര്‍ത്താചോര്‍ച്ചയുടെ സാഹചര്യത്തില്‍ അച്ചടക്കം പാലിക്കാന്‍ നല്ല ശ്രദ്ധ വേണം.
രാജ്യത്താകമാനം 90,000 ബ്രാഞ്ചുകളാണുള്ളത്. ഇതില്‍ 50 ശതമാനവും നിര്‍ജീവമാണ്. കൂടുതല്‍ വേതനം ലഭിക്കുന്ന അംഗങ്ങള്‍ സി.സി നിശ്ചയിച്ച ലെവി തുക അടക്കുന്നില്ളെന്ന് പല സംസ്ഥാന കമ്മിറ്റികളും റിപ്പോര്‍ട്ട് ചെയ്തു.
ഒന്നോ രണ്ടോ ശതമാനം അംഗങ്ങള്‍ മാത്രമാണ് ഇത് പാലിക്കുന്നത്. വലിയവിഭാഗം അംഗങ്ങളും ബ്രാഞ്ച്യോഗങ്ങളിലും ക്ളാസുകളിലും രാഷ്ട്രീയപ്രചാരണങ്ങളിലും പങ്കെടുക്കുന്നില്ല. സംസ്ഥാനങ്ങള്‍ തോറും തോത് വ്യത്യസ്തമാണ്. പാര്‍ട്ടിഅംഗങ്ങളെ ചേര്‍ക്കുന്നതില്‍തന്നെ അടിസ്ഥാനപരമായ മാറ്റം ആവശ്യമാണ്. പാര്‍ട്ടിഅംഗങ്ങള്‍ക്ക് പ്രായമേറുന്നു. വിദ്യാര്‍ഥികളെയോ യുവാക്കളെയോ മുഴുവന്‍സമയപ്രവര്‍ത്തകരായി റിക്രൂട്ട് ചെയ്യാന്‍ കഴിയുന്നില്ളെന്ന് മിക്ക സംസ്ഥാന കമ്മിറ്റികളും റിപ്പോര്‍ട്ട് ചെയ്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.