അമിത് ഷാക്ക് കീര്‍ത്തി ആസാദിന്‍െറ കത്ത്

ന്യൂഡല്‍ഹി: അരുണ്‍ ജെയ്റ്റ്ലിയുടെ നേതൃത്വത്തിലുളള ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനില്‍ അഴിമതിയാരോപണം ഉന്നയിച്ചതിന് പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ബി.ജെ.പി നേതാവ് കീര്‍ത്തി ആസാദ് താന്‍ നടത്തിയ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാക്ക് കത്തെഴുതി. പാര്‍ട്ടിതാല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന ഗുരുതരമായ കുറ്റത്തില്‍നിന്ന് മുക്തനാക്കാന്‍ ഒരവസരം പ്രതീക്ഷിക്കുകയാണെന്നും അതിനാല്‍ കഴിയുന്നതുംനേരത്തെ താന്‍ നടത്തിയ പാര്‍ട്ട വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഉദാഹരണങ്ങളും തെളിവുകളും നല്‍കണമെന്നും ആസാദ് ആവശ്യപ്പെട്ടു.
അങ്ങനെയെങ്കില്‍ താനൊരിക്കലും പാര്‍ട്ടി ഭരണഘടനക്കോ പാര്‍ട്ടി താല്‍പര്യങ്ങള്‍ക്കോ എതിരെ പ്രവര്‍ത്തിച്ചിട്ടില്ളെന്ന് തൃപ്തികരമായ ഉത്തരം നല്‍കി അന്തരീക്ഷത്തില്‍ വ്യക്തത വരുത്താനാകുമെന്നും ആസാദ് കത്തില്‍ ചൂണ്ടിക്കാട്ടി.
ആസാദ് മാധ്യമങ്ങളില്‍ നടത്തിയ നിരവധി പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളായിരുന്നുവെന്ന് അമിത് ഷാ ആസാദിനയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. അടിസ്ഥാനരഹിതമായ പ്രസ്താവനകളും ആരോപണങ്ങളും പാര്‍ട്ടിക്കും അതിന്‍െറ ഭാരവാഹികള്‍ക്കും അവമതിയുണ്ടാക്കുന്നതാണെന്നും അമിത് ഷാ ആരോപിച്ചിരുന്നു. എന്നാല്‍, അമിത് ഷായുടെ കത്തില്‍ താന്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനെതിരെ ഉന്നയിച്ച അഴിമതിയാരോപണങ്ങള്‍ പരാമര്‍ശിക്കാത്തതിനാല്‍ ആ വിഷയത്തില്‍ പാര്‍ട്ടിക്കൊരു കാര്യവുമില്ളെന്നും പാര്‍ട്ടിയുടെ അധികാരപരിധിക്ക് പുറത്തുള്ള കാര്യമാണതെന്നും തനിക്കത് മനസ്സിലാകുന്നതായും കീര്‍ത്തി ആസാദ് പറയുന്നു.
ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 1993 മുതല്‍ ബി.ജെ.പിക്ക് വിധേയനായ പടയാളിമാത്രമാണ് താനെന്ന് കീര്‍ത്തി ആസാദ് തന്‍െറ കത്തില്‍ കുറിച്ചു. പാര്‍ട്ടി ഭരണഘടനക്കുള്ളില്‍നിന്നുകൊണ്ട് മാത്രം പ്രവര്‍ത്തിച്ച താന്‍ പാര്‍ട്ടിനിന്ദ നടത്തിയതിന്‍െറ ഒരുദാഹരണം പോലുമില്ല. ബി.ജെ.പിക്ക് വിധേയനായ പ്രവര്‍ത്തകനായി തുടരുമെന്നും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കാന്‍ തനിക്കൊരുദ്ദേശ്യവുമില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
സസ്പെന്‍ഷനില്‍ ഇടപെടാന്‍ എല്‍.കെ. അദ്വാനി അടക്കമുള്ള മുതിര്‍ന്ന ബി.ജെപി നേതാക്കള്‍ തീരുമാനിച്ചതിനുശേഷമാണ് കീര്‍ത്തി ആസാദ് അമിത് ഷാക്ക് കത്തയക്കുന്നത്. ബിഹാര്‍ തോല്‍വിയെച്ചൊല്ലി പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയ എല്‍.കെ. അദ്വാനി, ശാന്തകുമാര്‍, യശ്വന്ത് സിന്‍ഹ, ശത്രുഘ്നന്‍ സിന്‍ഹ എന്നിവര്‍ക്ക് പുറമേ സുബ്രമണ്യന്‍ സ്വാമിയും കീര്‍ത്തിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കാരണംകാണിക്കല്‍ നോട്ടീസിനുള്ള മറുപടി തയാറാക്കാന്‍ കീര്‍ത്തി ആസാദിനെ സഹായിക്കാമെന്ന് സ്വാമി ഏല്‍ക്കുകയും ചെയ്തു. ക്രിക്കറ്റ് കാര്യമെങ്ങനെ പാര്‍ട്ടി കാര്യമാകുമെന്നാണ് സുബ്രമണ്യന്‍ സ്വാമിയുടെ ചോദ്യം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.