ജെയ്റ്റ്ലിക്കെതിരായ കേസിലെ ഫയലും സി.ബി.ഐ പിടിച്ചെടുത്തെന്ന് കെജ് രിവാൾ

ന്യൂഡൽഹി: ഡൽഹി സെക്രട്ടേറിയറ്റിലെ സി.ബി.ഐ റെയ്ഡിൽ ആരോപണം ശക്തിപ്പെടുത്തി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ. പ്രിൻസിപ്പൽ സെക്രട്ടറി രാജേന്ദ്ര കുമാറിന്‍റെ അഴിമതി കേസുമായി ബന്ധമില്ലാത്ത ഫയലുകളും സി.ബി.ഐ പിടിച്ചെടുത്തതായി കെജ് രിവാൾ ട്വീറ്റ് ചെയ്തു. ചൊവ്വാഴ്ചത്തെ റെയ്ഡിൽ സി.ബി.ഐ പിടിച്ചെടുത്ത ഏഴ് ഫയലുകളുടെ വിവരങ്ങളും ട്വിറ്ററിലൂടെ കെജ് രിവാൾ പുറത്തുവിട്ടിട്ടുണ്ട്.

കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ് ലി അധ്യക്ഷനായിരുന്ന കാലത്ത് ഡൽഹി ആൻഡ് ഡിസ്ട്രിക് ക്രിക്കറ്റ് അസോസിയേഷനെതിരെ (ഡി.ഡി.സി.എ) ഉയർന്ന അഴിമതിയുമായി ബന്ധപ്പെട്ട് ഫയലും സി.ബി.ഐ പിടിച്ചെടുത്തവയിലുണ്ട്. ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതി ആരോപണത്തെ ജെയ്റ്റ്ലി എന്തിന് ഭയക്കുന്നുവെന്ന് കെജ് രിവാൾ ചോദിച്ചു. അഴിമതിയിൽ ജെയ്റ്റ്ലിയുടെ പങ്ക് എന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

13 വർഷം ഡൽഹി ആൻഡ് ഡിസ്ട്രിക് ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷനായിരുന്നു അരുൺ ജെയ്റ്റ്ലി. ഇക്കാലയളവിൽ നിരവധി സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി ആം ആദ്മി പാർട്ടി നേരത്തെ ആരോപിച്ചിരുന്നു. കൂടാതെ. ഈ കേസുമായി ബന്ധപ്പെട്ട രേഖകളും വിജിലൻസ് റിപ്പോർട്ടുകളും അന്വേഷണവും കെജ് രിവാൾ നേരിട്ടാണ് കൈകാര്യം ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് ജൂൺ 16ന് ചേർന്ന മന്ത്രിസഭാ തീരുമാനങ്ങളുടെ ഫയലും റെയ്ഡിൽ സി.ബി.ഐ പിടിച്ചെടുത്തിട്ടുണ്ടെന്നും ഡൽഹി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.  

കെജ് രിവാൾ അസംബന്ധം പറയുകയാണെന്നും ഇതിനോട് പ്രതികരിക്കാനില്ലെന്നും അരുൺ ജെയ്റ്റ് ലി മാധ്യമങ്ങളോട് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.