പാരിസ് ഉച്ചകോടി കരാര്‍: കാലാവസ്ഥാ നീതിയുടെ വിജയം –മോദി

ന്യൂഡല്‍ഹി: പാരിസില്‍ 196 ലോകരാജ്യങ്ങള്‍ ഒപ്പുവെച്ച ചരിത്രപ്രധാനമായ കരാര്‍ ‘കാലാവസ്ഥാ നീതി’യുടെ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതില്‍ ലോക നേതൃത്വം ഒറ്റക്കെട്ടായി നിലകൊണ്ടതിന്‍െറ വിജയമാണിത്. ഓരോ രാജ്യവും അവസരത്തിനൊത്തുയര്‍ന്നു. അന്തിമ ഫലത്തില്‍ വിജയികളോ പരാജിതരോ ഇല്ലാത്തതാണ് കരാറെന്നും മോദി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായ ആഗോളതാപനം രണ്ടു ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായി പരിമിതപ്പെടുത്തിയും വികസ്വര രാജ്യങ്ങളെ സഹായിക്കാന്‍ സമ്പന്ന രാജ്യങ്ങള്‍ പ്രതിവര്‍ഷം 10,000 കോടി ഡോളര്‍ നല്‍കാന്‍ വ്യവസ്ഥപ്പെടുത്തിയും കഴിഞ്ഞ ദിവസമാണ് പാരിസില്‍ ലോക രാജ്യങ്ങള്‍ കരാറിലത്തെിയത്. 31 പേജ് വരുന്ന കരാറിന് അന്തിമ രൂപമായതോടെ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വാ ഓലന്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് വിഷയങ്ങള്‍ സംസാരിച്ചിരുന്നു.
ആഗോള താപന വര്‍ധന തോത് രണ്ട് ഡിഗ്രിക്കു താഴെയായി നിലനിര്‍ത്തണമെന്ന് വ്യവസ്ഥചെയ്യുന്ന കരാര്‍ 1.5 ഡിഗ്രിയിലത്തെിക്കാന്‍ ഓരോ രാജ്യവും ശ്രമിക്കണമെന്നും ആവശ്യപ്പെടുന്നു. കാര്‍ബണ്‍ പുറന്തള്ളല്‍ 2020ഓടെ എത്ര കണ്ട് കുറച്ചുകൊണ്ടുവരാനാകുമെന്നത് സംബന്ധിച്ച് ഓരോ രാജ്യവും വ്യക്തമായ മാര്‍ഗരേഖ സമര്‍പ്പിക്കണം.
നൂറ്റാണ്ടിന്‍െറ പകുതിയാകുന്നതോടെ ഹരിതഗൃഹവാതകങ്ങളുടെ ഉപയോഗം കുറച്ച് സന്തുലിതത്വം വരുത്താനാകണം. അതേസമയം, രാജ്യങ്ങള്‍ സമര്‍പ്പിച്ച കര്‍മപദ്ധതികള്‍ നടപ്പാക്കിയാല്‍ ആഗോളതാപനം 2.7 ഡിഗ്രിയായി കുറക്കാനേ ആകൂ എന്ന് പരാതിയുണ്ട്. രണ്ട് ഡിഗ്രിയില്‍ കൂടുന്നത് ഭൂമിയുടെ നിലനില്‍പിന് അപകടമാണെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.