ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ജപ്പാന്‍ ഓടിക്കും


ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ അതിവേഗ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ നിര്‍മാണ കരാര്‍ ജപ്പാന് ലഭിക്കും. 14,700 കോടി ഡോളര്‍ (9,70,200 കോടി രൂപ) ചെലവുവരുന്ന പദ്ധതി ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന  മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളില്‍ ഒന്നാവും. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ വെള്ളിയാഴ്ച ഇന്ത്യയില്‍ എത്താനിരിക്കെയാണ് പദ്ധതിയില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന ചൈനയെ മറികടന്ന് ജപ്പാനെ കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്തത്.
പദ്ധതിയുടെ ഒൗദ്യോഗിക പ്രഖ്യാപനം ഷിന്‍സോ ആബെയുടെ സന്ദര്‍ശനവേളയിലുണ്ടാകുമെന്നാണ് പ്രതീക്ഷ. രാജ്യത്തിന്‍െറ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ പ്രധാനമന്ത്രിയുടെ സ്വന്തം ഗുജറാത്തിന്‍െറ സാമ്പത്തിക കേന്ദ്രമായ അഹ്മദാബാദുമായി ബന്ധിപ്പിക്കുന്നതാണ് ആദ്യ അതിവേഗ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി. 505 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പാതയില്‍ നിലവില്‍ എഴ്-എട്ട് മണിക്കൂര്‍ വേണ്ടിവരുന്ന യാത്രാസമയം പദ്ധതി നടപ്പായാല്‍ രണ്ടുമണിക്കൂറായി കുറയും.
ജപ്പാനിലെ ഇന്‍റര്‍നാഷനല്‍ കോഓപറേഷന്‍ ഏജന്‍സി നേരത്തെ പദ്ധതിയുടെ സാമ്പത്തിക സാധ്യതാപഠനം നടത്തിയിരുന്നു. ചെലവിന്‍െറ 80 ശതമാനവും ഒരു ശതമാനത്തില്‍ താഴെ പലിശക്ക് ജപ്പാന്‍ വായ്പയായി നല്‍കും. അതിവേഗ റെയില്‍ പദ്ധതിയില്‍ ജപ്പാന്‍െറ അപകടരഹിത ചരിത്രം സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഉപദേശകന്‍കൂടിയായ അരവിന്ദ് പനഗാരിയ അധ്യക്ഷനായ സമിതി നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഡല്‍ഹിയെയും ചെന്നൈയെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍പദ്ധതിയുടെ  സാധ്യത പഠനം നടത്താനുള്ള ചുമതല സെപ്റ്റംബറില്‍ ചൈനക്കു നല്‍കിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.