മുംബൈ തീവ്രവാദിയാക്രമണം: മാപ്പുസാക്ഷിയാകാൻ തയാറെന്ന് ഡേവിഡ് ഹെഡ് ലി

മുംബൈ: 2008ല്‍ മുംബൈ ആക്രമിച്ച ഭീകരര്‍ക്ക് ആക്രമണ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ നല്‍കിയത് താനാണെന്ന് പാക് വംശജനായ അമേരിക്കന്‍ പൗരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുടെ മൊഴി. വ്യാഴാഴ്ച വൈകീട്ട് 6.30 ന് വിഡിയോ കോണ്‍ഫറന്‍സ് വഴി മുംബൈയിലെ പ്രത്യേക കോടതിയിലാണ് ഹെഡ്ലി കുറ്റംസമ്മതിച്ചത്. തെറ്റിന്‍െറ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പറഞ്ഞ ഹെഡ്ലി സാക്ഷിയായി വിചാരണയില്‍ ഭാഗമാകാന്‍ തയാറാണെന്നും അറിയിച്ചു.
അമേരിക്കയിലെ ജയിലില്‍ അമേരിക്കന്‍ കോടതി വിധിച്ച 35 വര്‍ഷം തടവുശിക്ഷ അനുഭവിച്ചുവരുകയാണ് ഹെഡ്ലി. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 11 കുറ്റങ്ങളാണ് ഹെഡ്ലി അമേരിക്കന്‍ ഏജന്‍സിയായ എഫ്.ബി.ഐക്കു മുന്നില്‍ ഏറ്റുപറഞ്ഞത്. മുംബൈ ഭീകരാക്രമണത്തില്‍ ഹെഡ്ലിക്കുള്ള പങ്ക് കണ്ടത്തെിയത് എഫ്.ബി.ഐയാണ്.
ഭീകരാക്രമണം ആസൂത്രണം ചെയ്ത പാകിസ്താനിലെ ലശ്കറെ ത്വയ്യിബ നേതാക്കള്‍ക്ക് ഫഹീം അന്‍സാരി, ശബാബുദ്ദീന്‍ ശൈഖ് എന്നിവരാണ് ആക്രമണ ലക്ഷ്യങ്ങളുടെ മാപ്പും വിവരങ്ങളും നല്‍കിയതെന്നായിരുന്നു പൊലീസ് വാദം. ഹെഡ്ലി കുറ്റം സമ്മതിച്ചതോടെ ചോദ്യംചെയ്യാന്‍ എന്‍.ഐ.എ സംഘം അമേരിക്കയിലേക്ക് പോയിരുന്നു. എന്നാല്‍, അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചോദ്യംചെയ്യാനാണ് സമ്മതിച്ചത്. അമേരിക്ക നല്‍കിയ കുറ്റസമ്മത മൊഴിയല്ലാതെ മറ്റു തെളിവും കിട്ടിയില്ല. 2006, 2007 വര്‍ഷങ്ങളില്‍ മുംബൈയിലത്തെിയ ഹെഡ്ലി ഭീകരാക്രമണത്തിന് ലക്ഷ്യമിട്ട സ്ഥാനങ്ങളുടെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ലശ്കറെ ത്വയ്യിബക്ക് കൈമാറുകയുമായിരുന്നുവത്രേ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.