ഉസ്മാനിയ യൂനിവേഴ്സിറ്റിയിലെ ബീഫ് ഫെസ്റ്റിവലും ഗോപൂജയും നിരോധിച്ചു

ഹൈദരാബാദ്: ഉസ്മാനിയ യൂനിവേഴ്സിറ്റിയില്‍ ഇടതുപക്ഷ, ദലിത് വിദ്യാര്‍ഥി സംഘടനകള്‍ ആഹ്വാനം ചെയ്ത ബീഫ് ഫെസ്റ്റിവലും അതിനെതിരെ ഹിന്ദു ജനജാഗരണ്‍ സമിതി നടത്താനിരുന്ന ഗോപൂജയും നിരോധിച്ചു. സര്‍വകലാശാലയില്‍ സംഘര്‍ഷമുണ്ടാകുമെന്ന കാരണത്താലാണ് ഡിസംബര്‍ 10ന് നടത്താനിരുന്ന ബീഫ് ഫെസ്റ്റിവലും ഗോപൂജയും നിരോധിക്കുന്നതെന്ന് സര്‍വകലാശാല വാര്‍ത്താ കുറിപ്പില്‍ വിശദീകരിച്ചു.

നിയമോപദേശം സ്വീകരിച്ചശേഷമാണ് സര്‍വകലാശാല അധികൃതര്‍ കടുത്ത നടപടിക്കൊരുങ്ങിയത്. സര്‍വകലാശാലയിലെ സമാധാനാന്തരീക്ഷം പ്രധാനമാണെന്നും അതിനായി എല്ലാവരും സഹകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥികളുടെ അക്കാദമികവും ഗവേഷണപരവുമായ കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും രാഷ്ട്രീയ വിവാദങ്ങള്‍ക്ക് മുതിരരുതെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ഇടതുപക്ഷ, ദലിത് വിദ്യാര്‍ഥികള്‍ ബീഫ് ഫെസ്റ്റിവല്‍ നടത്താന്‍ തീരുമാനിച്ചതിനെതിരെ ബി.ജെ.പി എം.എല്‍.എ രാജാ സിങ്ങിന്‍െറ നേതൃത്വത്തിലാണ് ഗോപൂജ നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഒപ്പം പന്നിയിറച്ചി ഫെസ്റ്റും സംഘടിപ്പിക്കാനായിരുന്നു തീരുമാനം. പ്രതിഷേധക്കാര്‍ കാമ്പസിനെ ഒഴിവാക്കി ഏതെങ്കിലും ഓഡിറ്റോറിയത്തില്‍ പരിപാടി നടത്തണമെന്ന് തെലങ്കാന ഉപമുഖ്യമന്ത്രി മഹമ്മൂദ് അലി വിദ്യാര്‍ഥികളോട് അഭ്യര്‍ഥിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.