200​7ലെ വിദ്വേഷ പ്രസംഗം: ​യോഗിയെ പ്രോസിക്യൂട്ട് ചെയ്യാൻ ആവശ്യപ്പെടുന്ന ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: 2007ൽ ഉത്തർപ്രദേശിലെ ഗോരഖ്പു.രിൽ കലാപത്തിന് കാരണമായ വിദ്വേഷ പ്രസംഗം നടത്തിയതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിചാരണ ചെയ്യാൻ അനുമതി നൽകാത്ത അലഹബാദ് ഹൈകോടതി വിധി ചോദ്യം ചെയ്ത് പർവേസ് പർവസ് എന്നയാൾ സമർപ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തള്ളി. അന്വേഷണം അവസാനിപ്പിച്ച കേസിൽ മുഖ്യമന്ത്രിക്കെതിര വിചാരണക്ക് അനുമതി നൽകാതിരുന്നതിന്റെ നിയമവശം പരിശോധിക്കുന്നത് കേവലം അക്കാദമിക വിഷയം മാത്രമാണെന്ന യു.പി സർക്കാറിന്റെ വാദം അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് അവസാന ദിവസം വിധി പുറപ്പെടുവിച്ചത്. അതേസമയം, വിചാരണ അനുമതിയുമായി ബന്ധപ്പെട്ട് ഹരജിക്കാരൻ ഉന്നയിച്ച നിയമവശം ഉചിതമായ മറ്റേതെങ്കിലും കേസിൽ തീർപ്പാക്കാനായി തങ്ങൾ തുറന്നുവെച്ചിരിക്കുകയാണെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.

യോഗി ആദിത്യനാഥ് വിദ്വേഷ പ്രസംഗം നടത്തിയതിന് തെളിവായി 2008ൽ സമർപ്പിച്ച സീഡി പൊട്ടിപ്പോയ നിലയിലായിരുന്നുവെന്നും അതിന് ശേഷം അഞ്ച് വർഷം കഴിഞ്ഞാണ് രണ്ടാമത് സീഡി സമർപ്പിച്ചതെന്നും അതിൽ കൃത്രിമം കണ്ടെത്തിയതാണെന്നും യു.പി സർക്കാറിന് വേണ്ടി ഹാജരായ മുകുൾ രോഹതഗി ബോധിപ്പിച്ചത് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

സീഡിയിൽ കൃത്രിമം കാണിച്ച് എഡിറ്റ് ചെയ്തിട്ടുണ്ടെന്ന 2014 ഒക്ടോബർ 13ലെ ഫോറൻസിക് റിപ്പോർട്ടിൽ ഹരജിക്കാരന് വേണ്ടി ഹാജരായ അഡ്വ. ഫുസൈൽ അഹ്മദ് അയ്യുബി തർക്കം ഉന്നയിച്ചിട്ടില്ല. ഈ കേസിൽ അന്വേഷണം അവസാനിപ്പിച്ചതാണെന്ന് 2017 മേയ് ആറിന് റിപ്പോർട്ട് സമർപ്പിച്ചതാണെന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ യോഗി ആദിത്യനാഥ് ബോധിപ്പിച്ചിരുന്നു. ഇക്കാര്യത്തിലും ഹരജിക്കാരൻ എതിരഭിപ്രായം ഉന്നയിച്ചിട്ടില്ല.

അന്വേഷണം അവസാനിപ്പിച്ചതിനെതിരെ വിചാരണ കോടതിയിൽ ഹരജി നൽകിയതായി ഹരജിക്കാരൻ അറിയിച്ചിട്ടുണ്ട്. ക്രിമിനൽ നടപടി ചട്ടം 196 പ്രകാരം കോടതി കുറ്റം ചുമത്തുന്നതിന് മാത്രമേ തടസ്സമുള്ളു. ക്രിമിനൽ നടപടി ചട്ടം 173 പ്രകാരം കേസ് രജിസ്റ്റർ ചെയ്യാനോ അന്വേഷണം പൂർത്തിയാക്കാനോ തടസ്സമില്ല എന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു. ഇത്തരമൊരു സാഹചര്യത്തിൽ യോഗി ആദിത്യനാഥിനെതിരെ വിചാരണക്ക് അനുമതി നൽകാതിരുന്നതിന്റെ നിയമവശം പരിശോധിക്കേണ്ടതില്ലെന്നും അലഹബാദ് ഹൈകോടതി വിധിക്കെതിരെ സമർപ്പിച്ച ഹരജി തള്ളുകയാണെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് വിധിച്ചു.  

Tags:    
News Summary - 2007 hate speech case: Supreme Court dismisses appeal to prosecute Yogi Adityanath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.