ന്യൂഡൽഹി: കോവിഡ് -19 വ്യാപനം നിയന്ത്രിക്കുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടുവെ ന്നാരോപിച്ച് ഡൽഹി സർക്കാറിലെ രണ്ട് ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
ഗതാഗതം വകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിതനായ രേണു ശർമയെയും ഫിനാൻസ് പ്രിൻസിപ്പൽ സെക്രട്ടറിയായി ജോലി ചെയ്തിരുന്ന രാജീവ് വർമ്മയെയുമാണ് സസ്‌പെൻഡ് ചെയ്തത്. 1988 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ രേണു ശർമയും 1992 ലെ ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ രാജീവ് വർമയും ലോക്ഡൗൺ സംബന്ധിച്ച ഉത്തരവുകൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്നാണ് ആരോപണം. ഇവർക്കെതിരെ പിഴ ചുമത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഡൽഹി അഡീഷ്ണൽ ചീഫ് സെക്രട്ടറിക്കും ഹോം ആൻറ് ലാൻഡ് ബിൽഡിങ് സെക്രട്ടറിക്കും സീലാംപൂരിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റിനും എതിരെ നടപടിയുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥർക്കെതിരായ നടപടിയുടെ കാരണം ആഭ്യന്തര മന്ത്രാലയം അധികൃതർ കൃതമായി വിശദീകരിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസമായി തലസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്ന് ഡൽഹി-യു.പി അതിർത്തിയിലേക്ക് കുടിയേറ്റ തൊഴിലാളികളെ എത്തിക്കാനുള്ള ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻെറ ക്രമീകരണങ്ങളിൽ വന്ന വീഴ്ചയെ തുടർന്നാണ് നടപടിയെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.