തമിഴ്നാട്ടിൽ ക്ഷേത്രോത്സവത്തിനിടെ കൂറ്റൻ രഥം മറിഞ്ഞ് രണ്ട് പേർ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ ധർമ്മപുരിയിൽ ക്ഷേത്രോത്സവത്തിനിടെ കൂറ്റൻ രഥം മറിഞ്ഞ് രണ്ട് പേർ മരിച്ചു. നാല് പേർക്ക് അപകടത്തിൽ പരിക്കേറ്റു. സി. മനോഹരൻ (57), ജി. ശരവണൻ (50) എന്നിവരാണ് മരിച്ചത്. പപ്പാരപ്പട്ടിയിലെ കാളിയമ്മൻ ക്ഷേത്രത്തിലെ വൈഖാശി ഉത്സവത്തിന്റെ ഭാഗമായി നടന്ന ചടങ്ങുകൾക്കിടെയാണ് സംഭവം.

അലങ്കരിച്ച രഥം ആരാധനാലയത്തിന് സമീപത്തെ പ്രധാന വീഥികളിൽ പ്രദക്ഷിണം വയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. രഥം പെട്ടെന്ന് മറിഞ്ഞെന്നും ഇതിന്റെ ചക്രത്തിനടിയിൽ കുടുങ്ങി രണ്ട് പേർ മരിച്ചെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഭക്തരും നാട്ടുകാരുമാണ് രഥത്തിനടിയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്.

സംഭവത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റതായും ധർമ്മപുരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇവർ ചികിത്സയിലാണെന്നും അദ്ദേഹം ചെന്നൈയിൽ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, ഏപ്രിൽ 27ന് തമിഴ്‌നാട് തഞ്ചാവൂരിലെ കാളിമേട് ക്ഷേത്രത്തിലെ രഥോത്സവത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് കുട്ടികള്‍ ഉള്‍പ്പടെ 11 പേര്‍ മരിച്ചിരുന്നു. രഥത്തിൽ വൈദ്യുതി കമ്പി തട്ടിയാണ് അപകടമുണ്ടായത്. ഇൗ സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷം തമിഴ്‌നാട്ടിലെ തന്നെ നാഗപട്ടണം ജില്ലയിൽ തിരുച്ചെങ്കട്ടംകുടിയിൽ ക്ഷേത്രോത്സവത്തിനിടെ രഥത്തിന്‍റെ ചക്രത്തിനടിയിൽപ്പെട്ട് തൊഴിലാളിയും മരിച്ചു. ഉത്തിരപശുപതീശ്വര ക്ഷേത്രത്തിൽ ചിത്തിര ഉത്സവത്തിന്റെ ഭാഗമായി തേരോട്ടം നടക്കുന്നതിനിടെയായിരുന്നു അപകടം.

Tags:    
News Summary - 2 Killed, 4 Injured As Temple Chariot Capsizes In Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.