ന്യൂഡൽഹി: 1984ൽ ഡൽഹിയിൽ നടന്ന സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസുകളിലൊന്നിൽ കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന് ജീവപര്യന്തം. നിലവിൽ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട മറ്റൊരു വധക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ തിഹാർ ജയിലിൽ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് സജ്ജൻ കുമാർ. പടിഞ്ഞാറൻ ഡൽഹിയിൽ സിഖ് കുടുംബത്തിലെ പിതാവിനെയും മകനെയും കൊലപ്പെടുത്തിയ കേസിലാണ് ഡൽഹി റോസ് അവന്യൂ കോടതി ജഡ്ജി കാവേരി ബവേജ ജീവപര്യന്തം ശിക്ഷ വിധിച്ചത്.
ഇരട്ടക്കൊലക്ക് സജ്ജൻ കുമാറിന് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്റെയും കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെയും ആവശ്യം കോടതി തള്ളി.
സജ്ജൻകുമാറിന്റേത് വധശിക്ഷ നൽകാവുന്ന ക്രൂരമായ കുറ്റകൃത്യമാണെന്ന് വ്യക്തമാക്കിയ കോടതി അതോടൊപ്പം ശിക്ഷ ഇളവിന് അദ്ദേഹത്തെ അർഹമാക്കുന്ന ചില ഘടകങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി. ജയിൽ അധികൃതരുടെ ഭാഗത്തുനിന്ന് സജ്ജൻകുമാറിനെക്കുറിച്ച് ലഭിച്ച തൃപ്തികരമായ റിപ്പോർട്ട്, അദ്ദേഹത്തിന്റെ അസുഖങ്ങൾ, മാനസാന്തരപ്പെടാൻ സാധ്യത എന്നിവയാണതെന്ന് കോടതി അഭിപ്രായപ്പെട്ടു.
ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ചതിന് പിറ്റേന്ന് 1984 നവംബർ ഒന്നിന് പശ്ചിമ ഡൽഹിയിലെ രാജ് നഗർ നിവാസികളായ ജസ്വന്ത് സിങ്ങിനെയും മകൻ തരുൺദീപ് സിങ്ങിനെയും കൊലപ്പെടുത്താൻ ജനക്കുട്ടത്തിന് നേതൃത്വം നൽകിയത് കോൺഗ്രസ് നേതാവായിരുന്ന സജ്ജൻ കുമാർ ആയിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
1985 സെപ്റ്റംബർ ഒമ്പതിന് കേസ് രജിസ്റ്റർ ചെയ്തെങ്കിലും അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല. തുടർന്ന് നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷം 2015ൽ സിഖ് വിരുദ്ധ കലാപം അന്വേഷിക്കാൻ പ്രത്യേക സംഘം രൂപവത്കരിച്ചു. 2021ൽ കുറ്റപത്രം സമർപ്പിക്കുകയും അതേ വർഷം ഏപ്രിൽ ആറിന് അറസ്റ്റിലാവുകയുംചെയ്തു.
1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് മറ്റ് നിരവധി കേസുകളും കുമാർ അഭിമുഖീകരിക്കുന്നുണ്ട്. 2023 സെപ്റ്റംബറിൽ, കലാപത്തിനിടെ സുൽത്താൻപുരിയിൽ സിഖ് സമുദായത്തിൽ നിന്നുള്ള ഏഴു പേരെ കൊലപ്പെടുത്തിയ കേസിൽ ഡൽഹി കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. കുറ്റവിമുക്തനാക്കിയതിനെതിരെ ഡൽഹി ഹൈകോടതിയിൽ രണ്ട് അപ്പീലുകളും സുപ്രീംകോടതിയിൽ ഒരു കേസിൽ ശിക്ഷിച്ചതിനെതിരെയുള്ള അപ്പീലും സഹിതം റൂസ് അവന്യൂ കോടതിയിൽ അദ്ദേഹത്തിന് വേറെ കേസും നിലവിലുണ്ട്.
1984ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അവരുടെ രണ്ട് സിഖ് അംഗരക്ഷകർ കൊലപ്പെടുത്തിയതിനെ തുടർന്ന് ഡൽഹിയിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലും വ്യാപകമായ കലാപം പൊട്ടിപ്പുറപ്പെട്ടു. 1984 ജൂണിൽ അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ തീവ്രവാദികളെ തുരത്താൻ സൈന്യത്തെ വിന്യസിക്കാനുള്ള ഇന്ദിരാഗാന്ധിയുടെ തീരുമാനത്തിന് പ്രതികാരമായിരുന്നു കൊലപാതകം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.