മുംബൈ: 41 ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ മഹാരാഷ്ട്രയിലെ ശിവസേന വിമതൻ ഏക്നാഥ് ഷിൻഡെ സർക്കാർ മന്ത്രിസഭ വികസിപ്പിച്ചു. ഷിൻഡെ പക്ഷത്തുനിന്നും സഖ്യകക്ഷിയായ ബി.ജെ.പിയിൽ നിന്നും ഒമ്പത് പേർ വീതമാണ് ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. ഇതോടെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവിസുമടക്കം മന്ത്രിമാരുടെ എണ്ണം 20 ആയി.
288 എം.എൽ.എമാരുള്ള നിയമസഭയിൽ സഹമന്ത്രിമാരുൾപ്പെടെ മന്ത്രിസഭയുടെ അംഗബലം 43 വരെയാകാം. ശേഷിച്ചവരുടെ സത്യപ്രതിജ്ഞ ഉടൻ ഉണ്ടാകുമെന്ന് ഷിൻഡെ പറഞ്ഞു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന, എൻ.സി.പി, കോൺഗ്രസ് സഖ്യ സർക്കാറിനെ വിമത നീക്കത്തിലൂടെ അട്ടിമറിച്ച ഷിൻഡെ ബി.ജെ.പിയുടെ പിന്തുണയിൽ ജൂൺ 30 നാണ് മുഖ്യമന്ത്രിയായി അധികാരമേറ്റത്. മന്ത്രിമാരുടെ എണ്ണവും വകുപ്പുകളുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് മന്ത്രിസഭ വികസനം നീണ്ടത്.
ബുധനാഴ്ച വർഷകാല നിയമസഭ സമ്മേളനം ആരംഭിക്കാനിരിക്കെയാണ് മന്ത്രിസഭ വികസനം. എന്നാൽ, ആദ്യ പട്ടികയിൽ ഇടം കിട്ടാത്തതിന്റെ പേരിൽ ഷിൻഡെ പക്ഷത്തും ഗുരുതര ആരോപണങ്ങൾ നേരിടുന്നവരെ ഷിൻഡെ മന്ത്രിയാക്കിയതിൽ ബി.ജെ.പിയിലും എതിർപ്പുകളുയർന്നിട്ടുണ്ട്. പ്രഹാർ പാർട്ടി അധ്യക്ഷനും കഴിഞ്ഞ ഉദ്ധവ് സർക്കാറിൽ മന്ത്രിയുമായിരുന്ന ബച്ചു കാഡുവാണ് അവസരം നിഷേധിച്ചതിനെതിരെ രംഗത്തു വന്നത്. ഉദ്ധവ് സർക്കാറിനെതിരായ വിമത നീക്കത്തിൽ ഷിൻഡെക്കൊപ്പം അടിയുറച്ചു നിന്നതാണ് ബച്ചു കാഡു.
ഷിൻഡെ വാക്കുപാലിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഷിൻഡെ പക്ഷത്തെ സഞ്ജയ് റാത്തോഡിന് മന്ത്രി പദവി നൽകിയത് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ചിത്ര വാഗിനെ ചൊടിപ്പിച്ചു. നേരത്തെ ഉദ്ധവ് സർക്കാറിൽ മന്ത്രിയായിരുന്ന റാത്തോഡ് ടിക് ടോക് താരമായിരുന്ന യുവതിയുടെ ആത്മഹത്യക്കേസിൽ ആരോപണ വിധേയനായി രാജി വെക്കുകയായിരുന്നു. റാത്തോഡിനെതിരെ നിയമനടപടിക്ക് മുൻകൈയെടുത്തത് ചിത്ര വാഗാണ്. അബ്ദുൽ സത്താറാണ് ഷിൻഡെ പക്ഷത്ത് ആരോപണം നേരിടുന്ന മറ്റൊരു മന്ത്രി. അധ്യാപക യോഗ്യത പരീക്ഷയിൽ പണം നൽകി മക്കൾ മാർക്ക് നേടിയെന്നാണ് ആരോപണം.
മന്ത്രിസഭയിൽ സ്ത്രീകളെ ഉൾപ്പെടുത്തിയില്ല എന്നതാണ് മറ്റൊരു വിമർശനം.ഉദ്ധവ് സർക്കാറിൽ മന്ത്രിമാരായിരുന്ന ദാദ ഭുസെ, ശംഭുരാജെ ദേശായ്, സന്ദിപൻ ഭുംരെ, ഉദയ് സാമന്ത്, ഗുലാബ് റാവു പാട്ടീൽ, അബ്ദുൽ സത്താർ, സഞ്ജയ് റാത്തോഡ് എന്നിവരും ദീപക് കസേകർ, തനാജി സാവന്ത് എന്നിവരുമാണ് വിമത പക്ഷത്തുനിന്ന് മന്ത്രിമാരായത്. ചന്ദ്രകാന്ത് പാട്ടീൽ, സുധീർ മുങ്കൻതിവാർ, ഗിരീഷ് മഹാജൻ, രാധാകൃഷ്ണ വിഖേ പാട്ടീൽ, സുരേഷ് ഖഡെ, അതുൽ സവേ, വിജയ് ഗാവിത്, മംഗൾ പ്രഭാത് ലോധിയ, രവീന്ദ്ര ചവാൻ എന്നിവരാണ് ബി.ജെ.പിയിൽ നിന്ന് മന്ത്രിമാരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.