ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിൽ 15,413 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം ഞായറാഴ്ച രാവിലെ അറിയിച്ചു. രാജ്യത്ത് ആകെ കോവിഡ് ബാധിതർ നാല് ലക്ഷം കടന്നിരിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 306 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 13,254 ആയി.
ലോകത്ത് കോവിഡ് ബാധിതർ ഏറ്റവും കൂടുതലുള്ള നാലാമത്തെ രാജ്യമാണ് ഇന്ത്യ. രോഗികളുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്നത് കനത്ത ആശങ്കയാണുയർത്തുന്നത്. യു.എസ്, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ പട്ടികയിൽ ഇന്ത്യക്ക് മുമ്പിലുള്ളത്.
അതേസമയം, രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിക്കുന്നത് മാത്രമാണ് ഇന്ത്യക്ക് ആശ്വാസം നൽകുന്നത്. 2.28 ലക്ഷത്തോളം പേർ രോഗമുക്തി നേടിയതായാണ് കണക്ക്. 55.48 ശതമാനമാണ് രോഗമുക്തി നിരക്ക്.
ശനിയാഴ്ച റെക്കോർഡ് സാംപിൾ പരിശോധനയാണ് രാജ്യത്ത് നടന്നത്. 1.9 ലക്ഷം സാംപിളുകളാണ് ഒറ്റദിവസം പരിശോധിച്ചത്. ആകെ 68,07,226 സാംപിളുകളാണ് ആകെ ടെസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.