ന്യൂഡൽഹി: ഛത്തിസ്ഗഢ് തലസ്ഥാനമായ റായ്പുരിൽ ഈമാസം 24 മുതൽ 26വരെ നടക്കുന്ന കോൺഗ്രസ് 85ാം പ്ലീനറി സമ്മേളനത്തിൽ 15,000ഓളം പ്രതിനിധികൾ പങ്കെടുക്കും. 2005ലെ ഹൈദരാബാദ് സമ്മേളനത്തിനുശേഷം ഡൽഹിക്ക് പുറത്ത് പ്ലീനറി സമ്മേളനം ഇതാദ്യം. ഭാരത് ജോഡോ യാത്രക്കുപിന്നാലെ ‘ഹാഥ് സേ ഹാഥ് ജോഡോ’ എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച് നടക്കുന്ന സമ്മേളനം ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കവേദി കൂടിയാവും.
പാർട്ടി അധ്യക്ഷനായി മല്ലികാർജുൻ ഖാർഗെയെ തെരഞ്ഞെടുത്തതിന് ഔപചാരികമായി അംഗീകാരം നൽകുന്നതിനൊപ്പം പ്രവർത്തകസമിതി രൂപവത്കരണവും പ്ലീനറിയിലുണ്ടാവും. പ്രവർത്തകസമിതിയിലേക്ക് മത്സരം വേണമോ നാമനിർദേശം മതിയോ തുടങ്ങിയ കാര്യങ്ങൾ 24ന് രാവിലെ ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിക്കും.
1338 എ.ഐ.സി.സി പ്രതിനിധികളാണ് പ്ലീനറിയിൽ പങ്കെടുക്കുക. പുറമെ, നാമനിർദേശംചെയ്ത 487 പേർ കൂടിയുണ്ടാവും. 9915 പി.സി.സി പ്രതിനിധികൾ. എ.ഐ.സി.സി പ്രതിനിധികളിൽ 501 പേർ 50 വയസ്സിൽ താഴെയുള്ളവർ. 235 വനിതകൾ. 228 ന്യൂനപക്ഷ സമുദായങ്ങൾ, 381 ഒ.ബി.സി വിഭാഗക്കാർ, 192 പട്ടികജാതി വിഭാഗക്കാർ, 133 പട്ടികവർഗ വിഭാഗക്കാർ എന്നിവർ എ.ഐ.സി.സി പ്രതിനിധികളായി ഉണ്ടാവും.
കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, ജയ്റാം രമേശ്, താരിഖ് അൻവർ, പവൻകുമാർ ബൻസാൽ, കുമാരി ഷെൽജ എന്നിവർ എ.ഐ.സി.സി ആസ്ഥാനത്ത് വാർത്തസമ്മേളനത്തിൽ പ്ലീനറി സമ്മേളനപരിപാടികൾ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.