ന്യൂഡൽഹി: ഡൽഹിയിലെ നിഗംബോധ് ഘട്ടിന് സമീപം യമുനാ നദിക്കരയിൽ താമസിക്കുന്ന 300ലധികം കുടുംബങ്ങളോട് 15 ദിവസത്തിനകം ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഡൽഹി സർക്കാർ. വെള്ളപ്പൊക്ക സാധ്യതയും അനധികൃത കൈയേറ്റവും ചൂണ്ടിക്കാട്ടിയാണ് കുടിയൊഴിപ്പിക്കൽ നോട്ടീസ്.
യമുന ബസാർ കോളനിയിലെ താമസക്കാർക്കാണ് ഡൽഹി ദുരന്ത നിവാരണ അതോറിറ്റി നോട്ടീസ് നൽകിയത്. ഇവർ താമസിക്കുന്ന പ്രദേശം ഒ സോൺ വിഭാഗത്തിലാണെന്നും വെള്ളപ്പൊക്ക സാധയതയുള്ളതായും പറയുന്നു. ഡൽഹി വികസന അതോറ്റിയുടെ (ഡി.ഡി.എ) ഭൂമിയിലെ നിയമവിരുദ്ധമായ കൈയേറ്റം എന്നാരോപിച്ചാണ് ഒഴിപ്പിക്കൽ നടപടി. വെള്ളപ്പൊക്ക സമയത്ത് ഈ പ്രദേശം വലിയ ഭീഷണി നേരിടുന്നതായും, ഇത് പൊതുവിഭവങ്ങൾക്ക് ഭാരമാകുന്നുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
15 ദിവസത്തിനുള്ളിൽ പ്രദേശം വിട്ടുപോകാനും സ്വമേധയാ സാധനങ്ങൾ നീക്കം ചെയ്യാനും താമസക്കാർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഒഴിഞ്ഞുപോയില്ലെങ്കിൽ പൊളിച്ചുമാറ്റുമെന്നും കുടിയൊഴിപ്പിക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.
നോട്ടീസ് ലഭിച്ചതിനെ തുടർന്ന് പരിഭ്രാന്തിയിലാണ് കുടുംബങ്ങൾ. മഴക്കാലത്തിന് മുമ്പ് സ്ഥലം മാറാൻ ആവശ്യപ്പെട്ടാൽ ഇത്രയും പേർ എവിടേക്ക് പോകുമെന്നും അവർ ചോദിച്ചു. ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഡൽഹി ഹൈകോടതിയുടെ പരിഗണനയിലാണെന്നും കുടിയൊഴിപ്പിക്കലിനെതിരെ സ്റ്റേ നിലവിലുണ്ടെന്നും താമസക്കാർ അവകാശപ്പെട്ടു. ഭൂമിയുമായി ബന്ധപ്പെട്ട് നിയമപരമായ പ്രശ്നങ്ങൾ നിലനിൽക്കെ എങ്ങനെ ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കുമെന്നും അവർ ചോദിച്ചു. സുരക്ഷിതമായ മറ്റൊരിടത്തേക്ക് പുനരധിവസിപ്പിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
യമുന നദിയുടെ തീരത്തുള്ള നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയുള്ളതായി ദുരന്ത നിവാരണ അതോറിറ്റി കണക്കാക്കുന്നു. മുൻ വർഷങ്ങളിലും വെള്ളപ്പൊക്കമുണ്ടായിരുന്നതിനെ തുടർന്ന് ഇവിടെ ആളുകളെ ഒഴിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.