സിജെപി പ്രതിഷേധം

‘ചലോ സൻസദ്’ മാർച്ച്; ഡൽഹിയിൽ കനത്ത സുരക്ഷ, 5,000 പൊലീസുകാരെ വിന്യസിച്ചു

ന്യൂഡൽഹി: കോക്രോച് ജനത പാർട്ടി ആഹ്വാനം ചെയ്ത ‘ചലോ സൻസദ്’ മാർച്ചിനോട് അനുബന്ധിച്ച് ഡൽഹിയിൽ കനത്ത സുരക്ഷ. ന്യൂഡൽഹിയിൽ 5,000ത്തിലധികം പൊലീസുകാരെയും അർദ്ധ സൈനിക വിഭാഗത്തെയും വിന്യസിച്ചതായും പ്രധാന കേന്ദ്രങ്ങളിൽ ബാരിക്കേഡുകളും ജലപീരങ്കികളും സജ്ജമാക്കിയതായും ഡൽഹി പൊലീസ് അറിയിച്ചു.

സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ കേന്ദ്ര സായുധ പൊലീസ് സേനയുടെ 25ലധികം ബറ്റാലിയനുകൾ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ നിലയുറപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രത്യേക പൊലീസ് കമീഷണർമാർ, ജോയിന്റ് കമീഷണർമാർ, ഡെപ്യൂട്ടി പൊലീസ് കമീഷണർമാർ എന്നിവർക്കാണ് സു​രക്ഷാ ചുമതല.

ജന്തർ മന്തർ, പാർലമെന്റ് പരിസരം, വിജയ് ചൗക്ക്, ഇന്ത്യാ ഗേറ്റ് എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കി. വാഹന പരിശോധനയും നിരീക്ഷണവും കർശനമാക്കിയതോടൊപ്പം ഡ്രോൺ നിരീക്ഷണവും സി.സി.ടി.വി സംവിധാനങ്ങളും ഉപയോഗിച്ചാണ് സ്ഥിതിഗതികൾ വിലയിരുത്തുന്നത്. ന്യൂഡൽഹിയിലെ എല്ലാ മെട്രോ സ്റ്റേഷനുകളും സൂക്ഷ്മ നിരീക്ഷണത്തിലായിരിക്കുമെന്നും ആവശ്യമെങ്കിൽ താൽക്കാലികമായി സ്റ്റേഷനുകൾ അടച്ചിടുമെന്നും അധികൃതർ അറിയിച്ചു.

നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ഉൾപ്പെടെ ആരോപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് കോക്രോച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ പ്രതിഷേധം തുടരുന്നത്.  പാർലമെന്റിൽ വർഷകാല സമ്മേളനം ആരംഭിക്കു​ന്നതോടനുബന്ധിച്ച് ജൂലൈ 20ന് പാർലമെന്റ് മാർച്ചിനും സി.ജെ.പി ആഹ്വാനം ചെയ്തിരുന്നു. സി.ജെ.പിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരാഹാര സമരം തുടരുന്ന സോനം വാങ്ചുക്കിനെ കഴിഞ്ഞദിവസം പൊലീസിന്റെ നേതൃത്വത്തിൽ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ചലോ സൻസദ് മാർച്ചിന് പൊലീസ് അനുമതി നൽകിയിട്ടില്ലെന്നും അനുമതിയില്ലാതെ പാർലമെന്റിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പൊതുസമാധാനവും പാർലമെന്റിന്റെ സുരക്ഷയും ഉറപ്പാക്കുന്നതിനായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നാണ് പൊലീസ് വിശദീകരണം.

Tags:    
News Summary - Delhi Police massive security operation for CJP Parliament march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.