ബംഗളൂരു: കോവിഡ് രോഗമുക്തി നേടിയ 13കാരനിൽ അപൂർവ മസ്തിഷ്ക രോഗം സ്ഥിരീകരിച്ചു. കർണാടകയിൽ ആദ്യവും രാജ്യത്ത് രണ്ടാം തവണയുമാണ് കോവിഡ് ഭേദമായ കുട്ടിയിൽ അപൂർവമായ ഇത്തരം മസ്തിഷ്ക രോഗം റിപ്പോർട്ട് ചെയ്യുന്നത്. നെക്രോടൈസിങ് എൻസെഫലോപതി ഒാഫ് ചൈൽഡ്ഹുഡ് (എ.എൻ.ഇ.സി) എന്ന രോഗമാണ് ബാധിച്ചത്. വിജയനഗർ ജില്ലയിലെ ഹൂവിനഹദഗള്ളി താലൂക്കിലെ 13കാരനാണ് അപൂർവ രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
കുട്ടികളിൽ അപൂർവങ്ങളിൽ അപൂർവമായി മാത്രം കണ്ടുവരുന്ന മസ്തിഷ്കത്തിെൻറ പ്രവർത്തനം തകരാറിലാക്കുന്ന രോഗമാണിതെന്നും എട്ടു ദിവസം മുമ്പാണ് 13വയസ്സുകാരനെ അഡ്മിറ്റ് ചെയ്തതെന്നും ദാവൻഗരെ എസ്.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച് സെൻറർ മെഡിക്കൽ ഡയറക്ടർ എൻ.കെ. കൽപനാവർ പറഞ്ഞു. വിശദമായ പരിശോധനയിലാണ് കുട്ടിയുടെ മസ്തിഷ്കം നിഷ്ക്രിയമാണെന്ന് മനസ്സിലായത്. തുടർന്ന് മൂന്നു ദിവസം വെൻറിലേറ്ററിലാക്കി. ഇപ്പോൾ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുണ്ട്. ഒരാഴ്ചത്തെ ചികിത്സ കൂടി ആവശ്യമാണെന്നും രോഗമുക്തി നേടിയശേഷം മസ്തിഷ്കത്തിന് എത്രമാത്രം കേടുപാടുസംഭവിച്ചുവെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം രോഗം ബാധിച്ചവരുടെ ചികിത്സയും ചെലവേറിയതാണെന്നും ഇഞ്ചക്ഷനു തന്നെ ഒരു ലക്ഷം രൂപ വരെ വിലവരുമെന്നും വൈറസ് ബാധയെ തുടർന്നാണ് ഇത്തരം അപൂർവ രോഗം കുട്ടികളിലുണ്ടാകുന്നതെന്നും ദാവൻഗരെ ഡെപ്യൂട്ടി കമീഷണർ മഹന്തേഷ് ബെളാഗി പറഞ്ഞു. രോഗം വന്നശേഷം പൂർണ ആരോഗ്യവാനാകാനും കൂടുതൽ സമയം വേണ്ടിവന്നേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.