ഭോപ്പാൽ: തുടർച്ചയായി ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത 45കാരനെ പത്താം ക്ലാസ് വിദ്യാർഥിനി കഴുത്ത് ഞെരിച്ച് കൊന്നു. രാജസ്ഥാനിലെ അൽവാർ ജില്ലയിൽ മേയ് 17നാണ് സംഭവം. ഏഴ് മാസത്തോളമായി ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തന്റെ ഗ്രാമത്തിലെ മറ്റ് മൂന്ന് പുരുഷന്മാരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ഇയാൾ പെൺകുട്ടിയെ നിർബന്ധിച്ചിരുന്നു. മരിച്ചയാൾ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്.
സ്വാഭാവിക മരണമാണെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാൽ, കഴുത്തിൽ പാടുകൾ കണ്ടതിനെ തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയക്കുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് പത്തോളം പേരെ ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല. പിന്നീട്, കുറ്റകൃത്യം നടന്ന സ്ഥലത്ത് നടത്തിയ പരിശോധനയിൽ ലഭിച്ച കീറിയ തുണിക്കഷ്ണവും മറ്റുചില സൂചനകളുമാണ് പെൺകുട്ടിയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
45കാരന്റെ ഫോണിലൂടെ ഒരു ആൺകുട്ടിയെ പെൺകുട്ടി വിളിച്ചിരുന്നു. എന്നാൽ സംഭാഷണം കൊല്ലപ്പെട്ടയാൾ റെക്കോർഡ് ചെയ്തിരുന്നു. തുടർന്ന്, ഇതുവെച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. മേയ് 17ന് രാത്രി കാണണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് പെൺകുട്ടി കൊലപാതകം ആസൂത്രണം ചെയ്തത്. മദ്യലഹരിയിലായിരുന്ന ഇയാളെ തുണികൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയെ ജുവനൈൽ ഹോമിലേക്ക് അയച്ചിട്ടുണ്ട്. കേസിൽ കൂടുതൽ പ്രതികളെ പിടികൂടാനുണ്ട്. പ്രതികൾക്കെതിരെ കൂട്ടബലാത്സംഗത്തിനും പോക്‌സോ വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.