ന്യൂഡൽഹി: ഷാർദ്ദുൽ താക്കൂറിനും മനോജ് ജോഷിക്കും പിന്നാലെ എയർ ഇന്ത്യക്കെതിരെ വിമർശനവുമായി ലോകബാങ്ക് സാമ്പത്തികശാസ്ത്രജ്ഞൻ വിജയേന്ദ്ര റാവു. സാൻഫ്രാൻസിസ്കോയിലേക്കുള്ള വിമാനത്തിലാണ് റാവുവിന് മോശം അനുഭവമുണ്ടായത്.
ഡൽഹി-സാൻഫ്രാൻസിസ്കോ വിമാനം 13 മണിക്കൂർ വൈകിയെന്ന് അദ്ദേഹം പറഞ്ഞു. ഇതുമൂലം തനിക്ക് കൂടുതൽ സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സാധിച്ചു. ഭക്ഷണം മോശമായതിനാൽ കുറച്ച് മാത്രമേ കഴിച്ചുള്ളു. അടുത്തുള്ള സീറ്റ് പൊട്ടിയതിനാലും ആരും ഇല്ലാത്തതിനാലും തനിക്ക് ഇരിക്കാൻ കൂടുതൽ സ്ഥലം ലഭിച്ചുവെന്നും റാവു ട്വിറ്റർ കുറിപ്പിൽ പറഞ്ഞു. വിമാനത്തിലെ വിനോദ ഉപകരണങ്ങളൊന്നും പ്രവർത്തിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ബുദ്ധിമുട്ടുണ്ടായതിൽ റാവുവിനോട് ഖേദം പ്രകടിപ്പിക്കുകയാണെന്ന് എയർ ഇന്ത്യ അറിയിച്ചു. അദ്ദേഹത്തിന്റെ പരാതി പരിശോധിച്ച് മാറ്റങ്ങളുണ്ടാകുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. നേരത്തെ ഭോപ്പാലിൽ നിന്നും മുംബൈയിലേക്കുള്ള എയർ ഇന്ത്യ വിമാനം മൂന്ന് മണിക്കൂർ വൈകിയെന്ന ആരോപണവുമായി നടൻ മനോജ് ജോഷി രംഗത്തെത്തിയിരുന്നു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം മുംബൈയിലെത്തിയപ്പോൾ ലഗേജ് വൈകിയത് സംബന്ധിച്ചാണ് ശാർദ്ദുൽ താക്കൂറിന്റെ പരാതി. അതേസമയം, എയർ ഇന്ത്യയും വിസ്താരയും ലയിപ്പിക്കുന്നത് സംബന്ധിച്ച് ടാറ്റ ഗ്രൂപ്പ് സിംഗപ്പുർ എയർലൈനുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.