ചണ്ഡീഗഡ്: പഞ്ചാബ് നിയമസഭയിൽ ഇത്തവണ 13 ഡോക്ടർമാർ. ഇതിൽ പത്തുപേരും 'ആം ആദ്മി പാർട്ടി'യിൽ നിന്നുള്ളവരാണ്. 'ആപ്' ഡൽഹിയിലെ ആരോഗ്യമേഖലയിൽ നടത്തിയ പരിഷ്കാരങ്ങൾ പഞ്ചാബിലും നടപ്പാക്കണമെന്ന് പഞ്ചാബിലെ മലൗടിൽ നിന്ന് വിജയിച്ച ഡോ. ബൽജിത് കൗർ പറഞ്ഞു.
ഇവിടെ എസ്.എ.ഡി സ്ഥാനാർഥിയെ ആണ് 40,261 വോട്ടിന്റെ ഭൂരിപക്ഷം നേടി ബൽജിത് കൗർ പരാജയപ്പെടുത്തിയത്. വലിയ തോതിൽ ഡോക്ടർമാർ രാഷ്ട്രീയത്തിൽ എത്തിയത് നല്ല മാറ്റമാണെന്ന് ഈ സാമാജികർ കരുതുന്നു.
മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയെ തോൽപിച്ച ചരൺജിത് സിങ്ങും ഡോക്ടറാണ്. 2017ലെ തെരഞ്ഞെടുപ്പിൽ ഇദ്ദേഹം ചന്നിയോട് പരാജയപ്പെട്ടിരുന്നു. ഇത്തവണ പകരം വീട്ടി. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പഞ്ചാബി ഗായകനും കോൺഗ്രസ് സ്ഥാനാർഥിയുമായ ശുഭ്ദീപ് സിങ് സിദ്ദു മൂസവാലയെ മൻസ മണ്ഡലത്തിൽ 63,000ത്തിൽ പരം വോട്ടിന് തോൽപിച്ച 'ആപി'ന്റെ വിജയ് സിംഗ്ല ഡെന്റിസ്റ്റ് ആണ്. ചബ്ബേവാൽ മണ്ഡലത്തിൽനിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സ്ഥാനാർഥി രാജ്കുമാർ ചബ്ബേവാലും ഡോക്ടർ ആണ്. ആരോഗ്യ മേഖലയിൽ വലിയ പ്രവർത്തനങ്ങൾ നടത്തേണ്ട ഇന്ത്യയിൽ ഈ രംഗത്തുള്ളവർ രാഷ്ട്രീയത്തിലേക്ക് വരുന്നത് ഗുണകരമാകുമെന്ന് ചബ്ബേവാൽ പറഞ്ഞു. 'ആപി'ന്റെ മറ്റൊരു ഡോക്ടർ എം.എൽ.എ അമൻദീപ് കൗർ അറോറ യുക്രെയ്നിൽ നിന്ന് എം.ബി.ബി.എസ് കഴിഞ്ഞ ആളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.