കോയമ്പത്തൂർ: 111 വർഷം പഴക്കമുള്ള പാമ്പൻ റെയിൽവേ തൂക്കുപാലം ചരിത്രമാകുന്നു. പുതിയ പാലം തുറക്കാൻ തയാറെടുപ്പ് നടക്കുന്നതിനിടെയാണ് ബ്രിട്ടീഷുകാർ നിർമിച്ച പാമ്പൻ പാലം കടലിൽനിന്ന് നീക്കംചെയ്ത് സൂക്ഷിക്കാൻ റെയിൽവേ തീരുമാനിച്ചത്.
മണ്ഡപം റെയിൽവേ സ്റ്റേഷനു സമീപം പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കാനുള്ള ആലോചനയിലാണ് റെയിൽവേ. ഇതിനായി പൊതുജനങ്ങളിൽനിന്നും യാത്രക്കാരിൽനിന്നും അഭിപ്രായം തേടും. ഇതിന് മുന്നോടിയായി കഴിഞ്ഞ ദിവസം പരിശോധന നടത്തി.
1911ലാണ് ബ്രിട്ടീഷുകാർ പാമ്പനും മണ്ഡപത്തിനും ഇടയിൽ റെയിൽവേ പാലം പണി തുടങ്ങിയത്. ഇന്ത്യയുടെ പ്രധാന ഭൂപ്രദേശത്തെയും രാമേശ്വരം ദ്വീപിനെയും ബന്ധിപ്പിക്കുന്നതിനും കപ്പലുകൾക്ക് കടന്നുപോകുന്നതിനുള്ള തൂക്കുപാലത്തിനും രൂപം നൽകി.
ശ്രീലങ്കയിലെ തലൈമന്നാറ്റനും ഇന്ത്യയിലെ ധനുഷ്കോടിക്കും ഇടയിൽ ചെറിയ കപ്പൽ ഗതാഗതത്തിനും അനുമതി നൽകി. 1914 ഫെബ്രുവരി 24ന് ചെന്നൈ എഗ്മോറിൽനിന്ന് ധനുഷ്കോടിയിലേക്ക് പാമ്പൻ റെയിൽപാലത്തിന് കുറുകെ ആദ്യത്തെ ട്രെയിൻ സർവിസ് നടത്തി.
പാമ്പൻ പഴയ റെയിൽവേ തൂക്കുപാലത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുള്ളതിനാൽ അതിന്റെ ബലം കുറഞ്ഞുവരുകയാണെന്ന് അധികൃതർ കണ്ടെത്തി. ഓരോ തവണയും കപ്പലുകൾക്കും വലിയ ബോട്ടുകൾക്കുമായി പുതിയ റെയിൽവേ പാലം ഉയർത്തുമ്പോൾ പഴയ പാലം തുറക്കുന്നത് സുരക്ഷിതമല്ലെന്നും കണ്ടെത്തിയിരുന്നു. തുടർന്നാണ് തൂക്കുപാലം കടലിൽനിന്ന് മാറ്റാൻ റെയിൽവേ തീരുമാനിച്ചത്.
പാമ്പൻ റെയിൽവേ തൂക്കുപാലത്തിലെ സാങ്കേതികപ്രശ്നങ്ങളും വിള്ളലുകളും വർധിച്ചതിനാൽ 2019ലാണ് റെയിൽവേ പുതിയ പാലം നിർമിക്കാൻ അനുമതി നൽകിയത്. 2019 മാർച്ച് ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനിലൂടെ ശിലാസ്ഥാപനം നടത്തി. തുടർന്ന് 535 കോടി രൂപ ചെലവിൽ പണി പൂർത്തീകരിച്ചു.
പുതിയ പാലം തുറന്ന് ട്രെയിനുകൾ രാമേശ്വരത്തേക്ക് ഓടിക്കുന്നതിനുള്ള നടപടികൾ റെയിൽവേ അധികൃതർ സ്വീകരിച്ചുവരുകയാണ്. പുതിയ പാലം പ്രവർത്തനക്ഷമമായാൽ പാലക്കാട്ടുനിന്നും മംഗലാപുരത്തുനിന്നും രാമേശ്വരത്തേക്ക് സർവിസ് ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.