ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ ഗോത്രവർഗ കുടുംബങ്ങളെ മതംമാറ്റാൻ ശ്രമിച്ചെന്നാരോപിച്ച് മൂന്ന് പാസ്റ്റർമാർ ഉൾപ്പെടെ 11പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റിഷഭ്‌ദേവ് മേഖലയിലെ 20ഓളം ഗ്രാമങ്ങളിൽനിന്നുള്ള കുടുംബങ്ങളെയാണ് പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ക്രിസ്തുമതത്തിലേക്ക് മാറ്റാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
റിഷഭ്‌ദേവ് തഹസിൽദാർ ഓഫിസിന് കീഴിലുള്ള കനുവാഡ ബിൽഖായ് ഗ്രാമത്തിൽ നടന്ന പ്രാർഥനായോഗത്തിലാണ് സംഭവം. ബാബുലാൽ എന്നയാൾ മുൻകൈയെടുത്ത് രണ്ട് ദിവസമായി ഇവിടെ പ്രാർഥനായോഗം നടന്നുവരികയായിരുന്നു. 20ഓളം ഗ്രാമങ്ങളിൽ നിന്നായി ഏകദേശം 200ഓളം പേർ ഈ യോഗത്തിൽ പങ്കെടുത്തിരുന്നു.
ഹിന്ദുമതം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിക്കാൻ പാസ്റ്റർമാർ നിർബന്ധിച്ചതായും, ഇതിനായി രോഗശാന്തി വാഗ്ദാനം ചെയ്തതായും പരാതിയുണ്ട്. സാമ്പത്തിക സഹായവും കൃഷിയിടങ്ങളിൽ കിണറുകൾ കുഴിച്ച് നൽകാമെന്ന വാഗ്ദാനങ്ങളും നൽകി ഗോത്രവർഗക്കാരെ ആകർഷിക്കാൻ ശ്രമിച്ചെന്നും പൊലീസ് പറയുന്നു. വിവരമറിഞ്ഞെത്തിയ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളുടെ മൊബൈൽ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചുവരികയാണ്.
അതേസമയം, ഏതാനും ദിവസങ്ങൾക്ക് മുമ്പ് അൽവാറിലും സമാനമായ സംഭവത്തിൽ ഒരു പാസ്റ്റർ അറസ്റ്റിലായിരുന്നു. അഖേപുര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടിൽ മതംമാറ്റ ചടങ്ങ് നടക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് വി.എച്ച്.പി പ്രവർത്തകർ സ്ഥലത്തെത്തുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ പാസ്റ്റർ രാജ്‌കുമാറിനെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച് മർദിച്ചതായും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.