ടി.വി.കെ സർക്കാരിന് ആയുസ്സില്ലെന്ന് സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട്ടിൽ നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ തമിഴക വെട്രി കഴകം സർക്കാർ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും അധികാരമേറ്റ് ആറുമാസം തികയുന്നതിന് മുൻപ് തന്നെ ഭരണം വലിയ വിമർശനങ്ങൾ നേരിടുകയാണെന്നും മുൻ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ.

ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന രാഷ്ട്രീയ യോഗത്തിലാണ് സ്റ്റാലിൻ വിജയ് സർക്കാരിനെതിരെ രൂക്ഷമായ ആക്രമണം നടത്തിയത്.  നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം, പുതിയ സർക്കാരിന് പ്രവർത്തിക്കാൻ ആറുമാസത്തെ സമയം നൽകുമെന്നും അതുവരെ ഭരണത്തിൽ ഇടപെടുകയോ പരസ്യ വിമർശനം നടത്തുകയോ ഇല്ലെന്നും സ്റ്റാലിൻ മുൻപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യങ്ങൾ തന്നെ ആ മൗനം നേരത്തെ വെടിയാൻ നിർബന്ധിതനാക്കിയിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

 സർക്കാരിന്റെ പ്രവർത്തനം അത്രമേൽ മോശമാണെന്നാണ് ഡി.എം.കെ അധ്യക്ഷന്റെ ആരോപണം.  ഭൂരിപക്ഷമില്ലാത്ത, പുറത്തുനിന്നുള്ള കക്ഷികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ടി.വി.കെ സർക്കാർ നിലനിൽക്കുന്നത്. വളരെ നേരിയ ഭൂരിപക്ഷത്തിൽ  മുന്നോട്ട് പോകുന്ന ഈ ഭരണം ഏത് നിമിഷവും താഴെ വീഴാമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി.

മുൻ വിടുതലൈ ചിരുതൈഗൾ കച്ചി എം.എൽ.എ പനയൂർ ബാബുവും വിവിധ പാർട്ടികളിൽ നിന്നുള്ള ആയിരത്തോളം പ്രവർത്തകരും ഔദ്യോഗികമായി ഡി.എം.കെയിൽ ചേർന്ന ചടങ്ങിലാണ് സ്റ്റാലിൻ പ്രസ്താവനകൾ നടത്തിയത്. കഴിഞ്ഞ അഞ്ച് വർഷത്തെ തന്റെ ഡി.എം.കെ ഭരണകാലത്ത് തമിഴ്‌നാട്ടിലെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കായി നടപ്പിലാക്കിയ നിരവധി വികസന-ക്ഷേമ പദ്ധതികളെ സ്റ്റാലിൻ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.

Tags:    
News Summary - TVK government has no longevity, says Stalin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.