ഗർഭിണിക്കുള്ള പോഷകാഹാരപ്പൊതിയിൽ ചത്ത പാമ്പ്; അങ്കണവാടിയിൽ ഞെട്ടിക്കുന്ന സംഭവം

ഭോപാൽ: മധ്യപ്രദേശിലെ അങ്കണവാടിയിൽനിന്ന് ഗർഭിണിക്ക് വിതരണം ചെയ്ത ഭക്ഷണപ്പൊതിയിൽ ചത്ത പാമ്പിനെ കണ്ടെത്തി. പാന്ധുർണ ജില്ലയിലെ കാർഘട്ട് കാംഥി ഗ്രാമത്തിലെ വച്ചാലാ ബായി ധുർവേ എന്ന ഗർഭിണിക്കാണ് പോഷകാഹാരമായി നൽകിയ ഭക്ഷണ പൊതിയിൽനിന്ന് ചത്ത പാമ്പിനെ ലഭിച്ചത്.

അങ്കണവാടിയിൽ നിന്ന് ലഭിച്ച ഭക്ഷണപ്പൊതി വീട്ടിലെത്തി തുറന്നപ്പോഴാണ് കുടുംബാംഗങ്ങൾ പാമ്പിനെ കണ്ടത്. ഭാഗ്യവശാൽ, അവർ ഈ ഭക്ഷണം കഴിച്ചിരുന്നില്ല. സംഭവത്തെത്തുടർന്ന് ഗ്രാമവാസികൾക്കിടയിൽ വലിയ പ്രതിഷേധവും ആശങ്കയും ഉയർന്നു. അങ്കണവാടി സംവിധാനം വഴി ഗർഭിണികൾക്കും കുട്ടികൾക്കും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെയും സുരക്ഷയെയും കുറിച്ച് നാട്ടുകാർ ചോദ്യം ഉയർത്തിയിട്ടുണ്ട്.

വിവരമറിഞ്ഞ് അങ്കണവാടി ജീവനക്കാരെയും പ്രാദേശിക ഭരണകൂടത്തെയും കുടുംബം വിവരം അറിയിച്ചു. തുടർന്ന് വനിതാ ശിശുവികസന വകുപ്പ് പ്രോജക്ട് ഓഫിസർ ഉഷ പാന്ദ്രെ, നന്ദൻവാഡി പൊലീസ്, നായിബ് തഹസിൽദാർ എന്നിവർ സംഭവസ്ഥലത്തെത്തി.

ഭക്ഷണപ്പൊതി പിടിച്ചെടുത്ത ഉദ്യോഗസ്ഥർ ഔദ്യോഗിക പരിശോധനാ റിപ്പോർട്ട് തയ്യാറാക്കി. ഭക്ഷണത്തിന്റെ സാമ്പിളുകൾ പരിശോധനക്കായി സൂക്ഷിച്ചിട്ടുണ്ട്.

സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി ആക്ടിങ് കലക്ടർ അഗ്രിം കുമാർ അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. ഭക്ഷണപ്പൊതിയിൽനിന്ന് കണ്ടെത്തിയ സാമ്പിൾ ഫുഡ് ഓഫിസർ പിടിച്ചെടുക്കുകയും ഭോപ്പാലിലെ സ്റ്റേറ്റ് ഫുഡ് ടെസ്റ്റിങള സെന്ററിലേക്ക് അയക്കുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു. ലബോറട്ടറി റിപ്പോർട്ടും അന്വേഷണ ഫലവും ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അങ്കണവാടി കേന്ദ്രങ്ങൾ വഴി വിതരണം ചെയ്യുന്ന പോഷകാഹാരങ്ങളുടെ ഗുണനിലവാരം പതിവായി പരിശോധിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. അതേസമയം, കിംവദന്തികൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Tags:    
News Summary - Dead Snake Found in Anganwadi Food Packet for Pregnant Woman in Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.