'വന്ദേമാതരം' നിർബന്ധമാക്കിയതിന് പിന്നാലെ ബംഗാളിൽ മദ്റസകളുടെ സർവേ ആരംഭിച്ചു; ജൂലൈ അഞ്ചിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

കൊൽക്കത്ത:പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ (ടി.എം.സി) 15 വർഷത്തെ ഭരണം അവസാനിപ്പിച്ച് ബി.ജെ.പി അധികാരത്തിലേറി ഒരു മാസം തികയുമ്പോഴേക്കും നിർണായക നയപരമായ നീക്കങ്ങളുമായി സംസ്ഥാന സർക്കാർ. ബംഗാളിലെ മദ്റസകളുടെ പ്രവർത്തനം, നിയമപരമായ പദവി, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് സമഗ്രമായ വിവരങ്ങൾ ശേഖരിക്കുന്നതിനായി സംസ്ഥാനവ്യാപകമായി സർവേയ്ക്ക് സർക്കാർ തുടക്കമിട്ടു. വരും മാസങ്ങളിൽ സ്വീകരിക്കേണ്ട നയരൂപീകരണത്തിന്റെ ഭാഗമായാണ് നടപടി. വരാനിരിക്കുന്ന ജൂലൈ അഞ്ചിനകം സർവേ പൂർത്തിയാക്കി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാർക്കും ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്.

ന്യൂനപക്ഷകാര്യ- മദ്റസ വിദ്യാഭ്യാസ വകുപ്പ് ജൂൺ അഞ്ചിന് പുറപ്പെടുവിച്ച ഔദ്യോഗിക വിജ്ഞാപന പ്രകാരമാണ് നടപടി. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ മദ്റസകളുടെയും കൃത്യമായ ഭൂമിശാസ്ത്രപരമായ സ്ഥാനം, സ്ഥാപിതമായ വർഷം, രജിസ്ട്രേഷൻ വിശദാംശങ്ങൾ, ആവശ്യമായ സർക്കാർ അംഗീകാര രേഖകളുടെ ലഭ്യത എന്നിവ ജില്ലാ ഭരണകൂടങ്ങൾ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തണം. ഇതിനുപുറമേ, ഓരോ സ്ഥാപനത്തിലും പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം, അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും കൃത്യമായ വിവരങ്ങൾ എന്നിവയും ശേഖരിക്കും. സർവേയിലുൾപ്പെടുന്ന മദ്റസകൾ റെസിഡൻഷ്യൽ ആണോ, പ്രൈവറ്റ് എയ്ഡഡ് ആണോ, അതോ പൂർണ്ണമായും അൺ എയ്ഡഡ് ആണോ എന്ന് റിപ്പോർട്ടിൽ വ്യക്തമായി രേഖപ്പെടുത്തണം. ഇവിടെ പഠിപ്പിക്കുന്ന കോഴ്‌സുകളുടെ ഉള്ളടക്കവും വിവരങ്ങളും സമാഹരിക്കാൻ നിർദ്ദേശമുണ്ട്.

ഭരണപരമായ കാര്യങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനും മദ്റസ വിദ്യാഭ്യാസ മേഖലയിൽ ഭാവിയിൽ കൊണ്ടുവരേണ്ട വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമാണ് വിവരശേഖരണമെന്നാണ് സർക്കാർ പറയുന്നത്. "ഇത് പൂർണ്ണമായും ഭരണപരമായ നടപടിയാണ്. കൃത്യമായി പരിശോധിച്ചുറപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ വിദ്യാർത്ഥി ക്ഷേമ നടപടികളും നയങ്ങളും രൂപീകരിക്കാൻ സാധിക്കൂ. സംസ്ഥാനത്തെ മദ്റസ വിദ്യാഭ്യാസത്തിന്റെ വ്യക്തമായ ചിത്രം സർക്കാരിന് മുന്നിലുണ്ടാകുക മാത്രമാണ് ഇതിന്റെ ലക്ഷ്യം,"- ഉദ്യോഗസ്ഥർ പറയുന്നു.

അതേസമയം, മദ്റസകളുടെ നിലവിലുള്ള പാഠ്യപദ്ധതിയോ അക്കാദമിക് ഘടനയോ മാറ്റാൻ നിലവിൽ നിർദ്ദേശമില്ലെങ്കിലും, പരിശോധനയിൽ കണ്ടെത്തുന്ന നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കോ ക്രമക്കേടുകൾക്കോ എതിരെ കർശനമായ നടപടിയുണ്ടാകുമെന്ന് ഭരണവൃത്തങ്ങൾ സൂചന നൽകിയിട്ടുണ്ട്. ഗവർണറുടെ പുതിയ നിർദ്ദേശങ്ങൾക്ക് പിന്നാലെ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങളാണ് ബംഗാളിൽ നടക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും ഒപ്പം മദ്റസകളിലും പ്രഭാത പ്രാർത്ഥനയ്ക്ക് 'വന്ദേമാതരം' ആലപിക്കുന്നത് ബി.ജെ.പി സർക്കാർ നിർബന്ധമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മദ്റസകളെ ലക്ഷ്യമിട്ടുള്ള പുതിയ സർവേ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.

Tags:    
News Summary - Madrasa survey begins in Bengal close on the heels of 'Vande Mataram' mandate.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.