കൊൽക്കത്ത: അഴിമതിയും ഭൂമി കൈയേറ്റത്തിനെയും തുടർന്ന് അറസ്റ്റിലായ ടി.എം.സി കൗൺസിലർ ബാപ്പദിത്യ ദാസ് ഗുപ്തക്ക് കൊൽക്കത്തയിൽ നാട്ടുകാരുടെ മുട്ടയേറും പ്രതിഷേധപ്രകടനവും. കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിലെ വാർഡ് 101-ൽ നിന്നുള്ള കൗൺസിലറായ ഇയാളെയും കൂട്ടാളി സൗരവ് ഘോഷിനെയുമാണ് പാട്ടുലി പൊലീസ് കസ്റ്റഡിയിലെടുത്തത്. കനത്ത സുരക്ഷയിൽ ഇവരെ കോടതിയിലേക്ക് മാറ്റുന്നതിനിടെ സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയ നൂറുകണക്കിന് ജനങ്ങൾ പ്രതികൾക്ക് നേരെ മുട്ടയെറിയുകയും വലിയ രീതിയിൽ പ്രതിഷേധിക്കുകയും ചെയ്തു.
ഒരു വനിത അഭിഭാഷക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.സ്വന്തം വീട്ടിൽ ഒരു ലീഗൽ ചേംബർ തുറക്കുന്നതിനായി ബാപ്പദിത്യ ദാസ്ഗുപ്ത തന്നോട് 20 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി അഭിഭാഷക ആരോപിക്കുന്നു. കടുത്ത സമ്മർദ്ദത്തെ തുടർന്ന് അവർ 2 ലക്ഷം രൂപ നൽകിയെങ്കിലും, ദാസ്ഗുപ്തയുടെ ആളുകൾ ഇവരുടെ വീട് തകർക്കാനും തീയിടാനും ശ്രമിച്ചതായി പരാതിയിൽ പറയുന്നു. നിരന്തരമായ ഭീഷണികൾ കാരണം പരാതിക്കാരിക്ക് ആ പ്രദേശത്തുനിന്ന് ഒടുവിൽ മാറിത്താമസിക്കേണ്ടി വരികയായിരുന്നു.
കൗൺസിലറുടെ അറസ്റ്റ് വാർത്തയറിഞ്ഞ് പാട്ടുലി പൊലീസ് സ്റ്റേഷന് മുന്നിൽ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ഇയാൾക്കെതിരെ "ചോർ, ചോർ" (കള്ളൻ) എന്ന് വിളിച്ചുകൂവിയ ജനങ്ങൾ കനത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. പൊലീസും അർദ്ധസൈനിക വിഭാഗവും ചേർന്ന് പ്രതികളെ അലിപൂർ കോടതിയിലേക്ക് മാറ്റാനായി വാഹനത്തിൽ കയറ്റിയപ്പോൾ, ജനക്കൂട്ടം വാഹനം തടയാൻ ശ്രമിക്കുകയും കൗൺസിലർക്ക് നേരെ വ്യാപകമായി മുട്ടയെറിയുകയും ചെയ്തു. ദാസ്ഗുപ്ത ദീർഘനാളായി ഈ പ്രദേശത്ത് തുടരുന്ന ഭൂമി കൈയേറ്റം, ഭീഷണിപ്പെടുത്തൽ, ഗുണ്ടാപ്പിരിവ് എന്നിവക്ക് നേതൃത്വം നൽകിയിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
പശ്ചിമ ബംഗാളിലെ രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ, തൃണമൂൽ നേതാക്കളുടെ നിരന്തരമായ അഴിമതികൾക്കും പീഡനങ്ങൾക്കുമെതിരെയുള്ള ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണ് ഇതൊക്കെയെന്ന് ബി.ജെ.പി. പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.