ന്യൂഡൽഹി: ഉത്തർപ്രദേശിലെ ആഗ്രയിൽ മുഗൾ കാലത്ത് നിർമിച്ച മസ്ജിദിനകത്തും മുകളിലും കാവിക്കൊടി നാട്ടി ഹിന്ദുത്വ പ്രവർത്തകർ. അയോധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠക്ക് ശേഷം തീവ്ര ഹിന്ദുത്വ പ്രവർത്തകർ നടത്തിയ ‘ശോഭയാത്ര’ക്കിടെയാണ് സംഭവം.
കൈയിൽ ലാത്തിയും കുറുവടിയുമേത്തി 1000-1500 പേരാണ് തിങ്കളാഴ്ച ഉച്ചക്കു ശേഷം 3.30ഓടെ ആഗ്രയിലെ ബില്ലോജ്പുരയിൽ ദിവാൻജി ബീഗം ഷാഹി മസ്ജിദിൽ ഇരച്ചുകയറിയത്. മിനാരങ്ങൾക്ക് മുകളിലും ചുവരിലും മസ്ജിദിനകത്തും കാവിക്കൊടി നാട്ടിയ സംഘം മസ്ജിദ് മലിനമാക്കിയതായും മസ്ജിദ് മുതവല്ലി സഹീറുദ്ദീൻ നൽകിയ പരാതിയിൽ പറയുന്നു.
മുദ്രാവാക്യങ്ങൾ മുഴക്കിയ സംഘം അകത്തുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. 1000-1500 പേർക്കെതിരെ കലാപം, മാരകായുധം കൈവശംവെക്കൽ തുടങ്ങിയവക്ക് 147, 148, 505 (2) വകുപ്പുകൾ ചുമത്തി കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർ ജസ്‍വീർ സിങ് പറഞ്ഞു.
മസ്ജിദും ഇതിനോട് ചേർന്നുള്ള ദിവാൻജി ബീഗം മഖ്ബറയും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പൈതൃക സ്മാരക പട്ടികയിലുള്ളവയാണ്. മുഗൾ ചരിത്രത്തിൽ ഷാജഹാൻ കാലത്തെ പ്രധാനിയായ ദിവാൻജി ബീഗത്തിന്റെയാണ് ഈ മഖ്ബറ. 1677ൽ നിർമിച്ചതാണ് മസ്ജിദ് എന്നാണ് കരുതുന്നത്. പല ഭാഗങ്ങളും തകർച്ചയുടെ വക്കിലായ ഇവിടെയാണ് ഹിന്ദുത്വ സംഘം കൊടിനാട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.